കൊറോണ വൈറസിനെ കീഴടക്കി കാസർഗോഡ്: ആശുപത്രി വിട്ടത് 34 പേർ, ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
കാഞ്ഞങ്ങാട്: കൊവിഡ് സമൂഹ വ്യാപനം ഭയന്ന കാസർകോട് ജില്ല പതിയെ തിരിച്ചുവരവിന്റെ പാതയിലേക്ക്. ഞായറാഴ്ച്ച ജില്ലയ്ക്ക് ഏറെ ആശ്വാസകരമായി ദിനമായിരുന്നു.
കോവിഡ് രോഗം ഭേദമായ 34 പേര്‍ ഞായറാഴ്ച്ച ആശുപത്രി വിട്ടു. കാസർഗോഡ് ജനറൽ ആശുപത്രിയിലുള്ള 26 പേരും ജില്ലാ ആശുപത്രിയിലുള്ള എട്ട് പേരും ഉച്ചയോടെ ഡിസ്ചാര്‍ജ് ആയി. ഇവരെ ആരോഗ്യ പ്രവർത്തകർ ലളിതമായ ചടങ്ങുകളോടെ യാത്രയയച്ചു. ഇതോടെ കാസര്‍ഗോഡ് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 71 ആയി.
കാസർഗോഡ് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരുകയാണ്. പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്.

സോണ്‍ ഒന്നില്‍ തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളും സോണ്‍ രണ്ടില്‍ എരിയാല്‍, മഞ്ചത്തടുക്ക പ്രദേശങ്ങളും സോണ്‍ മൂന്നില്‍ അണങ്കൂര്‍, കൊല്ലംപാടി, ചാല പ്രദേശങ്ങളും സോണ്‍ നാലില്‍ ചെര്‍ക്കള, ചെങ്കള, ബെവിഞ്ച, തെക്കില്‍ ഫെറി, ചേരൂര്‍ പ്രദേശങ്ങളും സോണ്‍ അഞ്ചില്‍ കളനാട്, ചെമ്പിരിക്ക, നാലാംവതുക്കല്‍, ഉദുമ, മീത്തലെ മാങ്ങാട്, മുല്ലച്ചേരി, ഇയ്യാള എന്നീ പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഫ്‌ളൈയിങ് സ്‌ക്വാഡും ബൈക്ക് പട്രോളിങും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. കൂടാതെ കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ നിരീക്ഷണത്തിലുള്ള 10 വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.ഇതിനിടെ
സുപ്രീംകോടതി വിധിക്ക് ശേഷവും മംഗളൂരുവില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് കാസർകോട്ടെ ജനതയ്ക്ക് കടുത്ത തിരിച്ചടിയായി. കടുത്ത നിബന്ധനകളോടെ ഇരു സംസ്ഥാനങ്ങളിലെയും മെഡിക്കൽ സംഘം പരിശോധിച്ച ശേഷം കടത്തിവിട്ട രോഗികൾക്കാണ് ചികിത്സ നിഷേധിച്ചത്. ഇതോടെ ചികിത്സ തേടി മംഗളുരുവിലെത്തിയ മുഴുവന്‍ രോഗികളും നാട്ടിലേക്ക് മടങ്ങി.
കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതായതിന് ശേഷം 18ആം തിയ്യതി നാല് രോഗികളെയാണ് മംഗളൂരുവിലേക്ക് കടത്തിവിട്ടത്. പ്രത്യേകം തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് രോഗികളെ അതിർത്തി വഴി കടത്തിവിട്ടത്. ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി ആരോപിച്ചു 18ന് തന്നെ മൂന്ന് രോഗികള്‍ മടങ്ങിയിരുന്നു. മംഗളൂരുവിലെ കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച നാലാമത്തെ രോഗി ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
കേരളത്തില്‍ നിന്നുള്ള രോഗികളോട് കര്‍ണാടക സര്‍ക്കാരിന്റെ അനീതി തുടരുകയാണ്. സുപ്രീംകോടതി ഇടപെട്ട ശേഷവും കര്‍ണാടക ചികിത്സാ സൌകര്യം ഒരുക്കുന്നില്ല. കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജില്‍ മാത്രമെ ചികിത്സ അനുവദിക്കുകയുള്ളു എന്നതടക്കമുള്ള കര്‍ണാടകയുടെ കടുത്ത നിബന്ധനകള്‍ കാരണം കഴിഞ്ഞ നാല് ദിവസമായി കേരളത്തില്‍ നിന്നും ആരും ചികിത്സ തേടി മംഗളൂരുവിലേക്ക് പോയിട്ടില്ല.












Click it and Unblock the Notifications