'ഉപദ്രവിച്ചത് മെലിഞ്ഞ മലയാളം സംസാരിക്കുന്നയാൾ'; പെൺകുട്ടിയുടെ മൊഴി, പ്രതിക്കായി തിരച്ചിൽ ഊർജിതം
കാസര്‍കോഡ്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ കുറിച്ച് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മെലിഞ്ഞ മലയാളം സംസാരിക്കുന്നയാളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടി പറഞ്ഞത്. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്.
ഇന്നലെ പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ മുത്തച്ഛൻ തൊഴുത്തിൽ പശുവിനെ കറക്കാൻ പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അടുക്കള വാതിൽ തുറന്നാണ് കുട്ടിയെ കടത്തിയത്. വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കുട്ടി മുറിയിൽ ഇല്ലെന്ന് മുത്തച്ഛൻ അറിയുന്നത്.

വീടിൻറെ 500 മീറ്റർ അകലെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്ന് കളയുകയായിരുന്നു. ഇവിടെ വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. സ്വർണക്കമ്മലുകൾ കവർന്ന ശേഷം കുട്ടിയെ അവിടെ നിർത്തി രക്ഷപ്പെട്ടു. ഇതോടെ പേടിച്ചുവിറച്ച് കുട്ടി സമീപത്തെ വീട്ടിലെത്തി അക്രമ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടു. പോലീസിനേയും വിവരം അറിയിച്ചു.
കുട്ടിയെ കിട്ടിയപ്പോൾ ആദ്യ മോഷണ ശ്രമം ആണെന്നായിരുന്നു കരുതിയത്. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്ത് അധികം സിസിടിവികൾ ഇല്ല. പെൺകുട്ടിയുമായി പ്രതി സഞ്ചരിച്ച വഴികളിലെ രണ്ട് വീടുകളിൽ സിസിടിവികൾ ഉണ്ട്. ഇതിൽ ഒന്നിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. മറ്റൊന്നിലെ ദൃശ്യങ്ങൾ പോലീസ് ഉടൻ പരിശോധിക്കും. ഈ വീട്ടുകാർ വിദേശത്താണ്. ഇവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
നിലവിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡയിൽ എടുത്തിട്ടുണ്ട്.പ്രദേശത്തെ കഞ്ചാവ്, ലഹരി മാഫിയ സംഘത്തിൽ പെട്ടവരെയും സംശയമുള്ളവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് വിരലടയാള വിദ്ഗ്ധരും പോലീസ് നായയും എത്തി പരിശോധന നടത്തിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന 50 രൂപയുടെയും 10 രൂപയുടെയും നോട്ടുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications