വോട്ടെണ്ണലിന് ഇനി മൂന്നുനാൾ; കാസർകോഡ് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടുമെന്ന് ഉണ്ണിത്താൻ
കാസർകോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേന്ദ്രസർവ്വകലാശാലയിൽ ഒരുകങ്ങൾ അവസാനഘട്ടത്തിൽ. ജൂൺ നാലിന് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. രാവിലെ ആറുമുതൽ ഏജന്റുമാരെ പ്രവേശിപ്പിക്കുമെന്നും ഏഴിനകം തപാൽ ബാലറ്റ് കൗണ്ടിങ് ഏജന്റുമാരും 7.30നകം ഇവിഎം കൗണ്ടിങ് ഏജന്റുമാരും അതത് കൗണ്ടിങ് ഹാളുകളിലെത്തണമെന്ന് അധികൃതർ ഇറിയിച്ചു. എട്ട് മണിയോടെ തപാൽ വോട്ടുകളും എട്ടരയോടെ മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
കഴിഞ്ഞ ദിവസം തപാൽ ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മാതൃകയൊരുക്കി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. എഒആർമാരായ 32 പേർക്കാണ് പരിശീലനം നൽകിയത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗവും കളക്ടർ വിളിച്ച് ചേർത്തിരുന്നു. വോട്ടെണ്ണൽ തീരുന്നത് വരെ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

അതേസമയം ഏറെ ആവേശത്തിലാണ് ഇരുമുന്നണികളും. ഇത്തവണ വിജയം ആവർത്തിക്കുമെന്ന് യുഡിഎഫും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫും ഉറപ്പിച്ച് പറയുന്നു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കാസർകോഡ് വിജയം ആവർത്തിക്കുമെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പിന് പിന്നാലെ അവകാശപ്പെട്ടത്. ഇപ്പോൾ അത് ലക്ഷത്തിലേക്ക് ഉയരുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യമെല്ലും അടിയൊഴുക്കുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇടത് ക്യാമ്പ് പറയുന്നു. ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം മണ്ഡലത്തിൽ ബിജെപി പിടിക്കുന്ന വോട്ടുകളും ഉറ്റുനോക്കപ്പെടുന്നുണ്ട്. മഞ്ചേശ്വരത്തും കാസർകോഡും ബി ജെ പിക്ക് സ്വാധീനമുണ്ട്. ഇവിടെ ബി ജെ പി വോട്ടുകൾ എങ്ങോട്ട് എന്നതാണ് ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയായിരുന്നു ബി ജെ പിയിൽ സംഭവിച്ചത്. വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു.പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെ ആഹ്വാനം.
2020 ൽ കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കാളിയായ സി പി എം കൗൺസിലറെ ഇവർ പിന്തുണച്ചെന്നാണ് നേതാക്കളുടെ ആരോപണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നേതാക്കൾക്കെതിരെ പാർട്ടി സംസ്ഥാന ഘടകം നടപടി എടുത്തില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications