പാളിയ ‘കെ.സി പ്ലാൻ’, സ്വാഭാവിക നീതി ലക്ഷ്യമിട്ട് ‘വി.ഡി ഗെയിം’; ‘ന്യൂട്രലി’ൽ ചെന്നിത്തല
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്നു. സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ തർക്കമാകുന്നു. അപ്പോൾ ഹൈക്കമാൻഡ് ആശിർവാദത്തോടെ ഒത്തുതീർപ്പ് മുഖ്യമന്ത്രിയായി രംഗപ്രവേശനം ചെയ്യുന്നു. കെ.സി. വേണുഗോപാലിന്റെ ചാണക്യതന്ത്രം ഇതായിരുന്നെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. രംഗപ്രവേശനം നേരത്തേയായി പോയതാണ് ഈ 'കെ.സി പ്ലാൻ’ തകർത്തത്. ജനവിധിക്ക് മുന്നേ കെ. സുധാകരന്റെ പരസ്യപ്രസ്താവനയോടെ കെ.സിക്ക് നേർക്കുനേർ ചർച്ചകളിൽ കക്ഷിയാകേണ്ടി വന്നു. അതോടെയാണ് ആ പ്ലാൻ പാളിയത്.
വി.ഡി. സതീശൻ അല്ലെങ്കിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകും എന്നതിനാണ് സാധ്യത എന്ന് വന്നതോടെ ഒത്തുതീർപ്പ് മുഖ്യമന്ത്രിയെന്ന തന്ത്രം രമേശ് ചെന്നിത്തല പരീക്ഷിക്കുകയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സീനിയോറിറ്റി പിടിവള്ളിയാക്കി രമേശ് ചെന്നിത്തല കസേരക്കുള്ള അവകാശവാദം കടുപ്പിക്കുന്നുണ്ടെങ്കിലും ജനവികാരം ഒപ്പമില്ലെന്ന വെല്ലുവിളി അദ്ദേഹത്തിനും വേണുഗോപാലിനുമുണ്ട്. ഈ സാഹചര്യത്തിൽ ഘടകകക്ഷികളുടെയും പാർട്ടി അണികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ പ്ലസ് പോയന്റായി ചൂണ്ടിക്കാട്ടുന്ന വി.ഡി. സതീശൻ സ്വാഭാവിക നീതി തനിക്ക് ലഭിച്ചല്ലെങ്കിൽ ജനവികാരം എതിരാകുമെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്ന 'ഗെയിമി’നാണ് പ്രാധാന്യം നൽകുന്നത്.

കോൺഗ്രസ് സംഘടന സംവിധാനത്തിലെ പ്രബലവിഭാഗവും എംഎൽഎമാരിൽ ഭൂരിഭാഗവും ഒപ്പമുള്ളതും സാക്ഷാൽ രാഹുൽ ഗാന്ധിയുടെ പിന്തുണയുമാണ് ഈ കസേരകളിയിൽ കെ.സി. വേണുഗോപാലിന് കരുത്താകുന്നത്. ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്ന വാദത്തെ എംഎൽഎമാരുടെ പിന്തുണയുടെ ബലത്തിലാണ് ഹൈക്കമാൻഡിന് മുന്നിൽ കെ.സി പ്രതിരോധിക്കുന്നത്. ജനപിന്തുണ നേടിയവരാണ് ജയിച്ച് എംഎൽഎമാരായതെന്നും അവരിൽ ഭൂരിഭാഗവും ആരെ പിന്തുണക്കുന്നു എന്നതിലാണ് യഥാർഥ ജനവികാരം പ്രതിഫലിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
പക്ഷേ, മുഖ്യമന്ത്രി പദവിക്കായുള്ള അവകാശവാദം അവസാന നിമിഷം വരെ ഉയർത്തിപ്പിടിച്ച ശേഷം കെ.സി അതിൽനിന്ന് പിന്മാറിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന സൂചനകളും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതിലൂടെ തനിക്ക് അർഹതപ്പെട്ട പദവി ത്യജിച്ചെന്നുള്ള പ്രതിച്ഛായ ഉണ്ടാക്കിയെടുക്കലാണ് കെ.സി ലക്ഷ്യമിടുന്നത്. 2019ൽ ചുമതലയേറ്റ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, സംഘടനപരമായ വിലപേശലിനുള്ള ഉപാധിയാക്കി ഈ ത്യാഗത്തെ മാറ്റിയെടുക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നുണ്ട്. വർക്കിങ് പ്രസിഡന്റ് സ്ഥാനമടക്കമുള്ളവയാണ് ഇതിലൂടെ കെ.സി ലക്ഷ്യം വെക്കുന്നതെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന മൂന്ന് നേതാക്കന്‍മാരുമായുമുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ അവസാനിച്ചെങ്കിലും തീരുമാനവും പ്രഖ്യാപനവും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലേക്ക് പോയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സോണിയ, രാഹുൽ തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയശേഷമാകും പ്രഖ്യാപനം നടക്കുക.
അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽ ഗാന്ധിക്ക് താൽപര്യമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച നടക്കുന്നതിനു മുമ്പ് രാഹുല്‍ ഗാന്ധി വേണുഗോപാലുമായി പ്രത്യേക ചര്‍ച്ച നടത്തിയതായും അറിയുന്നു. കെ.സിയെ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചാൽ ആ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കേരളത്തിലെ നേതാക്കളെ ബോധ്യപ്പെടുത്താൻ രാഹുൽ തന്നെ മുന്നിട്ടിറങ്ങുമെന്നും പാര്‍ട്ടിയോടു അടുത്ത വൃത്തങ്ങള്‍ സൂചന നൽകുന്നു. അതോടൊപ്പം തന്നെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയെ പോലെ ഒരു കേന്ദ്ര നേതാവ് വേണോ അതോ താഴെത്തട്ടില്‍ സ്വാധീനമുള്ള പ്രാദേശിക നേതാവ് വേണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുന്നുമുണ്ട്. അങ്ങിനെ വന്നാൽ വി.ഡി സതീശന് തന്നെയായിരിക്കും മുൻഗണന ലഭിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ താഴെയിറക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശൻ അഹോരാത്രം പണിയെടുത്തത് കണ്ടില്ലെന്ന് നടിക്കാനും ഹൈക്കമാൻഡിന് ആകില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ഒരു പദവിയും വേണ്ട എന്ന തീരുമാനത്തിൽ സതീശൻ ഉറച്ചുനിൽക്കുകയുമാണ്.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണുഗോപാൽ നേടിയെടുത്തത് സംഘടനാപരമായ അധികാരം മുതലെടുത്താണെന്ന വാദം സതീശൻ ഹൈക്കമാൻഡിന് മുമ്പാകെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിനോട് എതിര്‍പ്പുണ്ടെന്നു സതീശന്‍ രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിച്ചിട്ടുമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വേണുഗോപാല്‍ എംഎല്‍എമാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് സതീശന്റെ വാദം. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരേയും ഒപ്പം നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിലും സതീശന്‍ വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications