11 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം വിഫലം; കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു
ആലപ്പുഴ; കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കിണറ്റിൽ വീണ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. അഗ്നിശമനസേനയും പോലീസും ഐടിബിപിയും ചേർന്ന് മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രിയോടെ യോഹന്നാനെ പുറത്തെടുത്തിരുന്നു. അപ്പോൾ അബോധാവസ്ഥയിലായിരുന്നു ഇയാൾ. പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയായിരുന്നു കോടുകുളത്തി ജംഗ്ഷന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ സഹായിക്കൊപ്പം യോഹന്നാൻ ഇറങ്ങിയത്. കാട് പടലങ്ങൾ വൃത്തിയാക്കിയ ശേഷം പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെ കിണർ ഇടിയുകയായിരുന്നു. ഇതിനിടെ കിണറിന്റ ആറ് റിങ്ങുകൾ യോഹന്നാന്റെ കാലിന് മുകളിലായി വീണു. ഇതോടെ നാട്ടുകാർ ഓടിക്കൂടുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ റിങ്ങുകൾ വീണതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസും ഐടിബിപിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി.
ചെളിയിൽ പൂണ്ട് കിടക്കുന്ന നിലയിലായിരുന്നു യോഹന്നാൽ. തീവ്രശ്രമത്തിനൊടുവിൽ റിങ്ങുകൾ ഓരോന്നായി പൊളിച്ച് നീക്കി. അതുവരെ യോഹന്നാൻ പ്രതികരിച്ചിരുന്നുവെങ്കിലും അവസാന രണ്ട് റിങ്ങ് ബാക്കി നിൽക്കെ യോഹന്നാന്റെ പ്രതികരണം നിലച്ചു. തുടർന്നും മണിക്കൂറുകൾ കഴിഞ്ഞാണ് യോഹന്നാനെ പുറത്തെടുക്കാൻ സാധിച്ചത്. എന്നാൽ പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications