63250.66 കോടിയുടെ പദ്ധതികൾ;ഊതിപെരിപ്പിച്ച വികസനമെന്ന ചെന്നിത്തലയുടെ ആരോപണത്തിന് കിഫ്ബിയുടെ മറുപടി
തിരുവനന്തപുരം; കിഫ്ബിയുടേത് ഊതിപെരുപ്പിച്ച വികസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കിഫ്ബി.
സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടില്ല എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.. നാളിതുവരെ 63250.66 കോടി രൂപയുടെ 889 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. 2020-21 വർഷം ചെലവഴിച്ച 4438.62 കോടി രൂപ അടക്കം നാളിതുവരെ ആകെ 9452.79 കോടി രൂപ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു. വിനിയോഗം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയും ആണെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. പോസ്റ്റ് വായിക്കാം
ബഹുമാന്യനായ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല മനോരമ ഓൺലൈനിന് നൽകിയ ഒരു അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് വളരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ഈ കുറിപ്പ്. അടിസ്ഥാനരഹിതവും, തീർത്തും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങളാണ് കിഫ്ബിയെ കുറിച്ച് ഉണ്ടായത് എന്നത് നിർഭാഗ്യകരമാണ്. നേരത്തെ പലതവണ കൃത്യമായ മറുപടി നൽകിയിട്ടുള്ളതാണെങ്കിലും പുതിയ സാഹചര്യത്തിൽ അത് ആവർത്തിക്കേണ്ടിയിരിക്കുന്നു.

''കിഫ്ബി വഴി ഒരുപാട് വികസനങ്ങൾ നടത്തിയെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. കിഫ്ബിയോടുള്ള എതിർപ്പ് യുഡിഎഫ് സർക്കാർ വന്നാലും തുടരുമോ'' എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ബഹു. പ്രതിപക്ഷനേതാവിന്റെ കിഫ്ബി വിരുദ്ധ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്.
''കിഫ്ബി വലിയൊരു തട്ടിപ്പാണ്.സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടില്ല. നിയമസഭയോടും മന്ത്രിസഭയോടും യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത സ്ഥാപനമാണത്.'' ഇങ്ങനെയാണ് ബഹു. പ്രതിപക്ഷനേതാവിന്റെ കിഫ്ബി വിമർശനം തുടങ്ങുന്നത്.
1999ൽ സ്ഥാപിതമായ കിഫ്ബി എങ്ങനെയാണ് ഒരുതട്ടിപ്പാണ് എന്നു ബഹു.പ്രതിപക്ഷനേതാവിന് ഇപ്പോൾ തോന്നിയത് എന്നു മനസിലാകുന്നില്ല. സ്ഥാപിതമായതിനെ തുടർന്ന് വന്ന എല്ലാ സർക്കാരുകളും കിഫ്ബിയെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ കിഫ്ബി ഭേദഗതി നിയമം വഴി ശാക്തീകരിക്കപ്പെട്ട സ്ഥാപനം കൂടിയാണ് കിഫ്ബി.അത്തരം ഒരു സ്ഥാപനത്തിന് നിയമസഭയോടും മന്ത്രിസഭയോടും യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഇല്ല എന്നു എങ്ങനെയാണ് പറയാൻ കഴിയുക. മുൻ സിഎജി ശ്രീ വിനോദ് റായി അധ്യക്ഷനായ കിഫ്ബിയിലെ സ്വതന്ത്ര നിരീക്ഷണസംവിധാനമാണ് ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷൻ (FTAC). ആറുമാസത്തിലൊരിക്കൽ കിഫ്ബിയുടെ ധനസമാഹരണ-വിനിയോഗ പ്രവർത്തനങ്ങൾ നിശിതമായി വിലയിരുത്തി FTAC നൽകുന്ന വിശ്വാസ്യതാ സർട്ടിഫിക്കറ്റ് കിഫ്ബിയുടെ വാർഷിക റിപ്പോർട്ടിനൊപ്പം നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിച്ചുവരുന്നു. ഇത്രയധികം നിയമസഭയ്ക്ക് വിധേയപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനം നിയമസഭയോടും മന്ത്രിസഭയോടും വിധേയത്വമില്ലാത്തതാണെന്ന ആരോപണം നിർഭാഗ്യകരമാണ് .
സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടില്ല എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.. നാളിതുവരെ 63250.66 കോടി രൂപയുടെ 889 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. 2020-21 വർഷം ചെലവഴിച്ച 4438.62 കോടി രൂപ അടക്കം നാളിതുവരെ ആകെ 9452.79 കോടി രൂപ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു. വിനിയോഗം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയും ആണ്.
നമ്മുടെ പൊതുവിദ്യഭ്യാസരംഗത്തെ അടിസ്ഥാന-ഭൗതികസൗകര്യ വികസനത്തിൽ കിഫ്ബി വഴി നടപ്പാക്കിയത് സംസ്ഥാനചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനമാണ്. 45000 ഹൈടെക് ക്ലാസ്‌റുമുകളാണ് കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി നമ്മുടെ സർക്കാർ സകൂളുകളിൽ ഒരുക്കിയത്. എല്ലാ നിയോജകമണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങളായി ഒരോ സ്‌കൂളുകളെ 5 കോടി രൂപവീതം ചെലവിലാണ് ആധുനികവൽക്കരിച്ചത്. പുറമേ 3 കോടി , 1 കോടി പദ്ധതികളിലായി നൂറുകണക്കിന് പൊതുവിദ്യാലയങ്ങൾ നവീകരിച്ചു.ഇതേതുടർന്ന് വലിയതോതിൽ നമ്മുടെ കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നു എന്നത് കണക്കുകൾ സഹിതം ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ് കഴിഞ്ഞ മാസങ്ങളിൽ വാർത്തകൾ പ്രസിദ്ധികരിച്ചിരുന്നത്.
ആരോഗ്യമേഖലയിൽ സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ , ജനറൽ ആശുപത്രികൾ എന്നിവ നവീകരിക്കുന്ന പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ലോകനിലവാരത്തിൽ ആധുനികവൽക്കരിച്ച പുനലൂർ താലൂക്ക് ആശുപത്രി,എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉയർത്തിക്കാട്ടാം.ഇതിന്റെ എല്ലാം വിവരങ്ങൾ അപ്പപ്പോൾ കിഫ്ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുന്നും ഉണ്ട്.അത് ആർക്കും പരിശോധിക്കാവുന്നതാണ് എന്നതിനാൽ ആവർത്തിക്കുന്നില്ല.അതിനു പുറമേയാണ് സാധാരണക്കാരന് മികച്ച ചികിൽസ നാമമാത്രമായ ചെലവിൽ നൽകുന്ന 44 ഡയാലിസിസ് സെന്ററുകൾ,10 കാത്ത് ലാബുകൾ എന്നിവ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കിഫ്ബി വഴി ഫണ്ട് ചെയ്ത് പൂർത്തിയാക്കിയിരിക്കുന്നത്. മലയോര-തീരദേശ ഹൈവേകൾ, ട്രാൻസ്ഗ്രിഡ്, കെ-ഫോൺ,കുടിവെള്ള പദ്ധതികൾ , ഫ്്‌ളൈഓവറുകൾ ,റെയിൽവേ മേൽപ്പാലങ്ങൾ തുടങ്ങി അടിസ്ഥാനസൗകര്യവികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് കിഫ്ബിയെ ഉപയോഗപ്പെടുത്തി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സംസ്ഥാനസർക്കാർ നടപ്പാക്കിയത്. എന്നാൽ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അടിസ്ഥാനരഹിതമാ ആരോപണങ്ങളുടെ പുകമറ ഉയർത്തരുതെന്ന് ബഹുമാന്യനായ പ്രതിപക്ഷനേതാവിനോട് വിനീതമായി അഭ്യർഥിക്കുകയാണ്.....
''ജനാധിപത്യ സംവിധാനത്തിൽ നിയമസഭ വോട്ടു ചെയ്തു പാസാക്കുന്ന ഓരോ പൈസയുമാണ് സർക്കാർ ചെലവഴിക്കേണ്ടത്.എന്നാൽ നിയമസഭയ്ക്കും ഭരണത്തിനും നമ്മുടെ ധനകാര്യ വ്യവസ്ഥിതിക്കും പുറത്തു ധനസമാഹരണവും ചെലവിടലുമാണ് കിഫ്ബിയിൽ നടക്കുന്നത്.സ്വതന്ത്ര സാമ്രാജ്യത്തെപോലെയാണ് പ്രവർത്തിക്കുന്നത്. കിഫ്ബിയുടെ പ്രവർത്തനത്തിൽ നിറഞ്ഞുനിൽക്കുന്നത് മുഴുവൻ നിഗൂഢതയാണ്.''
പൊതുസമൂഹത്തിൽ എത്രത്തോളം തെറ്റിദ്ധാരണ പരത്താൻ പര്യാപ്തമാണ് ബഹു.പ്രതിപക്ഷനേതാവിന്റെ മേൽപ്പറഞ്ഞ വാചകങ്ങൾ എന്നു അങ്ങ് തന്നെ ചിന്തിക്കേണ്ടതാണ്.
വികസനത്തിൽ കേരളത്തിന്റെ ബദൽ മാതൃകയാണ് കിഫ്ബി.പ്രളയവും കോവിഡ് മഹാമാരിയും വരുത്തി വച്ച സമാനതകളില്ലാത്ത പ്രതിസന്ധികളുടെ കാലത്തും സംസ്ഥാനവികസനം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് കഴിഞ്ഞത് കിഫ്ബി വഴി നടത്തിയ വിഭവസമാഹരണത്തിലൂടെയായിരുന്നു.അത്തരം ധനസമാഹരണത്തിന് ബഹു.പ്രതിപക്ഷനേതാവ് കൂടി അംഗമായിരിക്കുന്ന നിയമസഭയാണ് കിഫ്ബിയെന്ന ബോഡി കോർപ്പറേറ്റിന് നിയമസാധുത നൽകിയത് എന്നെങ്കിലും അങ്ങ് പരിഗണിച്ചിരുന്നെങ്കിൽ എന്നു ആശിച്ചുപോകുകയാണ്.കിഫ്ബിയുടെ പ്രവർത്തനത്തിൽ അങ്ങ് എന്തു നിഗൂഡതയാണ് ദർശിച്ചത് എന്നു മനസിലാകുന്നില്ല. അത്രത്തോളം സുതാര്യവും കാര്യക്ഷമവുമാണ് കിഫ്ബിയുടെ പ്രവർത്തനങ്ങൾ എന്നു ഭരണ-പ്രതിപക്ഷ ഭേദമെന്യേ ബഹുഃ എംഎൽഎമാർ തീർച്ചയായും അംഗീകരിക്കും.
''കിഫ്ബിയിലെ അഴിമതിയും ധൂർത്തും പുറത്തുവരാതിരിക്കാനാണ് സിഎജിയുടെ നിയമാനുസൃതമായ ഓഡിറ്റിങ് പോലും വേണ്ടെന്ന സർക്കാർ കൈക്കൊണ്ടത്.''
കിഫ്ബിയിലെ ഓഡിറ്റിങ് സംവിധാനം എത്രത്തോളം സുശക്തവും സുതാര്യവുമാണെന്ന് അങ്ങേയ്ക്ക് മനസിലാകാഞ്ഞിട്ടല്ല ഈ ആരോപണം എന്നുറപ്പാണ്. കാരണം സിഎജിയുടേതടക്കം പല തലങ്ങളിലുള്ള ഏറ്റവും കർശനമായ ഓഡിറ്റിങ് സംവിധാനമാണ് കിഫ്ബിയിലുള്ളത് എന്നു പല തവണ പൊതുമണ്ഡലത്തിൽ നൽകിയ വിശദീകരണങ്ങിലൂടെ കിഫ്ബി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പോലും സിഎജിയുടെ ഓഡിറ്റിങ്ങിന് ഒരു തടസവും ഉണ്ടാകാതെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് കിഫ്ബി ചെയ്തത്.2020 ജൂൺ മാസം വരെയുള്ള സിഎജി ഓഡിറ്റ് പൂർത്തിയാക്കി കഴിഞ്ഞു. തുടർന്നുണ്ടായ വിവാദങ്ങളും സഭയിലുണ്ടായ വിശദമായ ചർച്ചകളും അതിനെ സാധൂകരിക്കുകയും ചെയ്തതാണ് എന്നത് കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ആകെ ഏഴായിരം കോടിയുടേതല്ല ഇതുവരെ ഒമ്പതിനായിരത്തിഅഞ്ഞൂറോളം കോടി രൂപ പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു.
ദിനംപ്രതി ആ സംഖ്യ വർധിച്ചുവരികയുമാണ്.
റോഡുകളുടെയും പാലങ്ങളുടെയും പണി മാത്രമല്ല, എല്ലാ പദ്ധതികളും അതാത് വകുപ്പുകളുടെ കീഴിൽ തന്നെയാണ് നടപ്പാക്കുന്നത്. കിഫ്ബി സ്വയം പദ്ധതികൾ പ്രഖ്യാപിക്കുകയോ നടപ്പാക്കുകയോ അല്ല ചെയ്യുന്നത്. ബജറ്റിൽ പ്രഖ്യാപിക്കുന്നതോ മന്ത്രിസഭായോഗ തീരുമാനം വഴി എത്തുന്നുതോ ആയ പദ്ധതികൾ മാത്രമാണ് കിഫ്ബിയിലുള്ളത്. റോഡുകളുടെയും പാലങ്ങളുടെയും പണി മാത്രം എടുത്തുപറഞ്ഞ് തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഉപകരിയ്ക്കുകയുള്ളു.
ഭരണഘടനയെ ലംഘിച്ചു കൊണ്ടുള്ള കടമെടുപ്പാണ് മസാലബോണ്ട് വഴി കൊള്ളപ്പലിശയ്ക്ക് നടത്തിയത് എന്നും ആ ഇടപാട് ദുരൂഹമാണ് എന്നും പരാമർശിച്ചതായി കാണുന്നു.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
പല തവണ ഇക്കാര്യത്തിൽ വിശദീകരണം കിഫ്ബി നൽകിയിട്ടുണ്ട്. അതു കണ്ടില്ല എന്നു വച്ച് ചില കേന്ദ്രങ്ങൾ രൂപംകൊടുത്തു പ്രചരിപ്പിക്കുന്ന മറ്റൊരു അസത്യമാണിത് . ഏതായാലും ഒരു കാര്യം മാത്രം ആവർത്തിക്കാം. ഈ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ ഒരു ബോഡി കോർപ്പറേറ്റ് എന്ന നിലയിൽ കിഫ്ബി മസാലബോണ്ടിറക്കിയിട്ടുള്ളു. അതിനു റിസർവ്ബാങ്കിന്റെ എൻഒസി അടക്കം കിഫ്ബി നേടിയിട്ടുണ്ട്. ആ സമയത്ത് കിഫ്ബിയുടെ റേറ്റിങ് വച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ച നിരക്കിൽ തന്നെയാണ് മസാലബോണ്ടിറക്കിയിട്ടുള്ളതും. ഇതുസംബന്ധമായ നിരവധി വിശദീകരണക്കുറിപ്പുകൾ കിഫ്ബിയുടെ ഇതേ പേജിൽ തന്നെ ലഭ്യമായത് ആർക്കും പരിശോധിക്കാവുന്നതുമാണ്.
അടിസ്ഥാനസൗകര്യവികസനത്തിൽ കാതങ്ങൾ പിറകിലായപ്പോയ നമ്മുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ആക്കം പകരുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications