ഒമ്പത് വയസുകാരി ദൃഷാന ഒരു വർഷത്തോളമായി കോമയില്‍: വാഹനാപകട കേസിലെ പ്രതി ഷെജില്‍ ഒടുവില്‍ പിടിയില്‍
കോഴിക്കോട്: കാർ അപകടത്തില്‍ പരിക്കേറ്റ് ഒമ്പത് വയസുകാരി കോമയിലായ സംഭവത്തിലെ പ്രതി ഷൈജില്‍ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പൊലീസിന് കബളിപ്പിച്ച് നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നതിന് ഇടയില്‍ കോയമ്പത്തൂർ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ നടന്ന അപകടത്തില്‍ കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടേയും മകള്‍ ദൃഷാനയ്ക്ക് പരിക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയില്‍ കഴിയുകയാണ്. ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കവേ അമിത വേഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി.

അപകടത്തിന് ഇടയാക്കിയ കാർ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക പോലും ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന്‍ ഒടുവില്‍ കാർ വടകര പുറമേരി സ്വദേശി ഷജീലിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അപകട സമയത്ത് ഇയാള്‍ തന്നെയാണ് കാർ ഓടിച്ചതെന്നും കണ്ടെത്തുകയായിരുന്നു.
ദേശീയ പാതയിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ അപകടത്തിനിടയാക്കിയത് വെള്ള സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തി. എന്നാല്‍ നമ്പർ വ്യക്തമാകാതിരുന്നത് അന്വേഷണം വീണ്ടും വഴി മുട്ടിച്ചു. തുടർന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ 500 വർക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് 50000 കോൾ ഡിറ്ററയിൽസും 19,000 വാഹന രജിസ്ട്രേഷനുകൾ പരിശോധിക്കുകയും ചെയ്തിരുന്നെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം.
അപകടത്തില്‍ വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ പരിശോധനയാണ് ഒടുവില്‍ പ്രതിയിലേക്ക് എത്തിച്ചത്. 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന പേരിൽ ഒരു സ്വിഫ്റ്റ് കാർ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തതായി കണ്ടെത്തി. അന്വേഷണത്തിന് ഒടുവില്‍ ഈ കാർ തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി. പിടികൂടാതിരിക്കാന്‍ പ്രതി വണ്ടിയില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങി.












Click it and Unblock the Notifications