'അറിവ് എവിടെ നിന്നും കിട്ടും, പക്ഷെ തിരിച്ചറിവ്': ഒടിടി റിലീസിങ്ങിനെ പിന്തുണയ്ച്ച് ഹരീഷ് പേരടി
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമ ലോകത്ത് അരങ്ങേറിക്കൊണ്ടിരുന്നത്. ലീസ് തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതിനെ തുടര്‍ന്ന് ചിത്രം ഒടിടിക്ക് നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുകകായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി തിയേറ്റര്‍ ഉടമകള്‍ രംഗത്ത് എത്തുകയായിരുന്നു.

അസാധ്യമായ ഉടമ്പടികളാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി വെച്ചതെന്നതടക്കമുള്ള ആരോപണങ്ങളും തിയേറ്റര്‍ ഉടമകള്‍ നടത്തി. പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സിനിമ ഒടിടിയില്‍ റിലീസ്‍ ചെയ്യാനുള്ള തീരുമാനവുമായി നിര്‍മാതാക്കള്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയില്‍ തന്നെയാണ് ഒടിടിയാണോ തിയേറ്റര്‍ റിലീസാണോ സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്ന ചര്‍ച്ചകളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പോലുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തിയേറ്റര്‍ അസ്വാദനത്തിന്റെ ഒരു തൃപ്തി ഒടിടിയില്‍ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാറുന്ന കാലത്തിന് അനുസരിച്ച് മറാന്‍ പ്രേക്ഷകരും തയ്യാറാകണമെന്നാണ് ഒടിടി റിലീസിനെ അനുകൂലിക്കുന്നവരും പറയുന്നത്. ഇതേ വാദമാണ് നടന്‍ ഹരീഷ് പേരടിയും മുന്നോട്ട് വെക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമക്ക് മാത്രമല്ല മലയാള ഭാഷക്കും ഒരു അന്തർദേശീയ നിലവാരം ഉണ്ടാക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ കൊവിഡ് കാലം നമ്മളെ ബോധ്യപ്പെടുത്തിയ ഒരു സത്യം. കേരളം എന്ന് കേട്ടാൽ അറിയാത്തവർ പോലും മലയാളം എന്ന് കേട്ടാൽ തിരിച്ചറിയുന്നു. ഇനി ഈ തിരിച്ചറിവ് നമ്മൾക്കാണ് ഉണ്ടാവേണ്ടതെന്നുമാണ് അദ്ദേഹം ഒടിടി റിലീസിങ്ങിനെ പിന്തുണച്ചുകൊണ്ട് കുറിക്കുന്നത്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ച് തന്റെ കുറിപ്പില്‍ അദ്ദേഹം ഒന്നും വ്യക്തമാക്കുന്നില്ലെങ്കില്‍ ഒടിടി റിലീസുമായി മുന്നോട്ട് പോവാനുള്ള നിര്‍മ്മാതാക്കാളുടെ തീരുമാനത്തെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുകയാണ് താരം. ചിത്രത്തില്‍ മങ്ങാട്ടച്ചനായി പ്രധാന റോളില്‍ എത്തുന്നതും ഹരീഷ് പേരടിയാണ്. തന്റെ ക്യാരക്ടര്‍ പോസ്റ്ററും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമക്ക് മാത്രമല്ല മലയാള ഭാഷക്കും ഒരു അന്തർദേശീയ നിലവാരം ഉണ്ടാക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ കൊവിഡ് കാലം നമ്മളെ ബോധ്യപ്പെടുത്തിയ ഒരു സത്യം. മലയാളികൾ മാത്രമുള്ള സദസ്സിൽ തമ്മിൽ തമ്മിൽ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചിരുന്ന മലയാളികൾ പതുക്കെ മലയാളത്തിന്റെ പ്രാദേശികതയിലേക്ക് ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു
Recommended Video

ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യാൻ അവസരം കിട്ടിയ ഒരാൾ എന്ന നിലക്ക് അത് എനിക്ക് നേരിട്ട് മനസ്സിലായ ഒരു സത്യമാണ്. കേരളം എന്ന് കേട്ടാൽ അറിയാത്തവർ പോലും മലയാളം എന്ന് കേട്ടാൽ തിരിച്ചറിയുന്നു. ഇനി ഈ തിരിച്ചറിവ് നമ്മൾക്കാണ് ഉണ്ടാവേണ്ടത്. അറിവ് എവിടെ നിന്നും കിട്ടും. പക്ഷെ തിരിച്ചറിവ് നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. ഏറ്റവും പ്രാദേശികമാവുമ്പോൾ ഏറ്റവും ലോകോത്തരമാവും. നവംബർ ഒന്ന്. കേരള പിറവിയാണ്. എല്ലാ അന്തർദേശീയ ഒടിടി കമ്പനികൾക്കും എല്ലാ അന്തർദേശീയ ഒടിടിപ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ. മലയാളം. മലയാളം. മലയാളം. -അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.












Click it and Unblock the Notifications