ദേശീയ ശ്രദ്ധയാകര്‍ഷിച്ച് ആര്യ രാജേന്ദ്രന്‍; അഭിനന്ദനവുമായി കമല്‍ ഹാസനും അദാനിയും
തിരുവനന്തപുരം; തിരുവനന്തപുരം മേയറായി അധികാരമേറ്റ 21 വയസുകാരിയായ ആര്യാ രാജേന്ദ്രന്‍ ദേശിയതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ്. ആര്യ രജേന്ദ്രനെ അഭിനന്ദിച്ച് രാജ്യത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. തമിഴ്‌നടനും രാഷ്ട്രീയ നേതാവുമായ കമലഹാസന്‍, വ്യവസായി ഗൗതം അദാനി എന്നിവര്‍ സോഷ്യല്‍ മീഡിയ വഴി ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചു.
തിരുവനന്തപുരത്തെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍ എന്നാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി ട്വിറ്ററില്‍ കുറിച്ചത്. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടാന്‍ പ്രേരിപ്പിക്കുന്നതും ഇങ്ങനെയാണ്. 'ഇതാണ് അവശ്വസനീയമായ ഇന്ത്യ' വാര്‍ത്ത പങ്കുവെച്ച് അദാനി തന്റെ ട്വിറ്ററില്‍ കുറിച്ചു.
ചെറു പ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യാ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് നടന്‍ കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. തമിഴ്‌നാടും മാറ്റത്തിന് തയാറെന്നും അദ്ദേഹം കുറിച്ചു. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച കമല്‍ ഹാസന്‍ സ്‌ത്രീ ശാക്തീകരണത്തിനാണ് തന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്നും കമല്‍ഹാസന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.
നേരത്തെ കോണ്‍ഗ്രസ് എംപിയായ ശിശി തരൂര്‍, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആര്യക്ക് ആശംസയറിയിച്ച് എത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രനെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.