'അമ്മ' പീഡന കേസിലെ പ്രതികൾക്ക് സ്വീകരണം നൽകുകയാണ്'; രൂക്ഷവിമർശനവുമായി വിജയകുമാർ
കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമർശനവുയി നടൻ വിജയകുമാർ. താൻ ചൊയ്യാത്ത തെറ്റിന്‍റെ പേരിലാണ് താരസംഘടന അമ്മ തന്നെ ഒറ്റപ്പെടുത്തിയെന്ന് വിജയകുമാർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പോലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വിജയകുമാറിന്റെ വിമർശനം.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസില്‍ വെച്ച് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു കേസ്. നടനെതിരെ തെളിവ് ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായി കോടതി വിലയിരുത്തുകയായിരുന്നു.

ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ 13 വർഷമായി തന്നെ താരസംഘടന ഒറ്റപ്പെടുത്തുകയായിരുന്നു.സംഘടനയുടെ നടപടി ഏറെ വിഷമിപ്പിച്ചിരുന്നു. അമ്മ ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നതെന്ന് വിജയകുമാർ വിമർശിച്ചു.

2009 ലായിരുന്നു വിജയകുമാറിനെതിരായ കേസിന് ആസ്പദമായ സംഭവം. കളമശേരിയില്‍ ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം തട്ടിയെന്നായിരുന്നു കേസിലായിരുന്നു നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പറവൂരുള്ള ഗുണ്ടകളുടെ സഹായത്താലാണ് പണം തട്ടിയതെന്നായിരുന്നു പരാതി. സി ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. എന്നാൽ ഇതിനിടെ വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം.

പോലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്താണ് നടൻ ഞരമ്പ് മുറിച്ചതെന്നും പോലീസ് ആരോപിച്ചിരുന്നു. തുടർന്ന് നടനെതിരെ പോലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം നിന്നതിനും ആത്മഹത്യ ശ്രമത്തിനും കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.

കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചില്ലെന്ന് പറഞ്ഞ കോടതി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിലയിരുത്തി. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള രണ്ടു സാക്ഷികളും കേസിൽ വൂണ്ട് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെ മൊഴിയും വിജയകുമാറിന് അനുകൂലമായിരുന്നു.നേരത്തേ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി നേരത്തെ തള്ളിയിരുന്നു.

നടനെതിരെ നേരത്തേ അഞ്ച് കേസുകൾ ഉണ്ടായിരുന്നു. ഹവാല പണം തട്ടിയ കേസ്, വണ്ടിച്ചെക്ക് കേസ് തുടങ്ങിയവരായിരുന്നു നടനെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഈ കേസിൽ നിന്നെല്ലാം തന്നെ കോടതി കുറ്റലിമുക്തനാക്കിയിട്ടുണ്ടെന്ന് വിജയകുമാർ പ്രതികരിച്ചു.












Click it and Unblock the Notifications