' ആഹ്വാനം തരും,നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലും';ഡിവൈഎഫ്ക്കെതിരെ ആകാശ് തില്ലങ്കേരി

തിരുവനന്തപുരം: ഡി വൈ എഫ് ഐ നേതാക്കൾക്കെതിര തുറന്നടിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയാണ് ആകാശിന്റെ വിമർശനം.എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് പലതും ചെയ്യിച്ചതെന്നും എന്നാൽ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സരീഷിന്റെ പോസ്റ്റിന് താഴെയാണ് ആകാശിന്റെ കമന്റ്.
സി പി എം പ്രാദേശിക നേതൃത്വവും ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫേസ്ബുക്കിൽ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. ഡി വൈ എഫ് ഐ നേതാവ് ഷാജര്‍ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും വാക്ക് പോരിന് കാരണമായത്. അതിനിടയിലാണ് ഇപ്പോൾ ആകാശിന്റെ പ്രതികരണം.
'ഭയം ഇല്ലെന്ന് എടയന്നൂര്‍കാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവന്‍ തന്നെയാണ് സരീഷ്. പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങി നടക്കുന്നു. കുഴിയില്‍ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേയില്ല. ഒന്ന് ശ്രദ്ധിക്കുക, പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞ് നോക്കില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു. പട്ടിണിയില്‍ വഴിയുമ്പോഴും വഴി തെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മതിയാവും.' ആകാശ് ഫേസ്ബുക്കില്‍ കുറിച്ചു.
'അപ്പോഴെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ..ക്വട്ടേഷനെന്ന് ചാപ്പകുത്തി മാക്‌സിമം അകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവദം ചെയ്യുന്നു. ക്ഷമയുടെ നെല്ലിപവലക കാണുമ്പോഴാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടി വരുന്നത്. രാഷ്ട്രീയപരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്', പോസ്റ്റിൽ ആകാശ് പറഞ്ഞു.
അതിനിടെ ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയതാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നുമാണ് ഡി വൈ എഫ് ഐ പ്രതികരിച്ചത്.












Click it and Unblock the Notifications