രൺജിത്ത് കൊല: കേരള പൊലീസിൽ നിന്ന് വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിൽ നിന്നും വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി. കേസിലെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പൊലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്ചാത്തലം എന്നിവയിലാണ് വിവരശേഖരണം നടത്തിയത്. നേരത്തെ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ തന്നെ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പൊലീസിൻ്റെ നിഷ്ക്രിയത്വം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആലപ്പുഴയിലെത്തിയതിന് പിന്നാലെയാണ് നടപടി.

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. ബാക്കിയുള്ള പ്രതികളെ യഥാസമയം പിടികൂടാനാകാത്തതും അന്വേഷണത്തിലെ മെല്ലെപ്പോക്കും വലിയ വിമർശനങ്ങളാണ് പൊലീസിന് നേരെ ബിജെപി ഉയർത്തിയത്. പാലക്കാട് കൊലപാതകത്തിനു പിന്നാലെ ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ കൊലപാതകങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ശക്തമായ ആവശ്യത്തിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്.
ചുവപ്പ് സാരിയില്‍ സുന്ദരിയായി നവ്യനായര്‍

ഇന്ന് ആലപ്പുഴയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി എത്തിയതിനു പിന്നാലെ രൺജിത്ത് കൊലപാതകം സംബന്ധിച്ച പൊലീസിൽ നിന്ന് എൻഐഎ വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിലെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പൊലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്ചാത്തലം എന്നിവയിലാണ് വിവരശേഖരണം നടത്തിയത്. ഏതെങ്കിലും കാരണവശാൽ കേസ് ഏറ്റെടുക്കേണ്ടി വന്നാൽ അതിന് ഉപകരിക്കുക എന്ന ലക്ഷ്യം കൂടി വിവര ശേഖരണത്തിലുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 12 പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികൾ വൈകാതെ പിടിയിലാകും. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുള്ളതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടിയിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ അതിദാരുണമായി കൊലപ്പെടുത്തുന്നത്. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി ഇദ്ദേഹത്തെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണമുണ്ടായത്. രൺജിത്തിന് 40 വയസ്സായിരുന്നു. അക്രമികൾ തലങ്ങുംവിലങ്ങും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവുകൾ ശരീരത്തിൽ ഏറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

അതിനിടെ, ആലപ്പുഴയിൽ എസ്ഡിപിഐ -ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവ്വം മാറ്റിയെന്നുമാണ് ബിജെപി ആരോപണം. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി നേതാവ് കെ.സോമൻ ആരോപിച്ചു.