'ഖദർ ധരിച്ച രാഷ്ട്രീയക്കാരൻ, പ്രായമുളളയാൾ', ആരാണ് ദിലീപ് കേസിലെ വിഐപി? അൻവർ സാദത്ത് അല്ല
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഐപി സാന്നിധ്യം ദുരൂഹമായി തുടരുകയാണ്. കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് വീട്ടില്‍ എത്തിച്ച് നല്‍കിയത് ഒരു വിഐപിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്.
ഈ വിഐപി ആരെന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരിയുടെ മകള്‍ പറയുന്നത് കേട്ടിരുന്നതായി ബാലചന്ദ്ര കുമാര്‍ പറയുന്നു. ഇതോടെ വിഐപി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആണോ എന്നുളള സംശയം ഉയര്‍ന്നു. എന്നാല്‍ അന്‍വര്‍ സാദത്ത് അല്ല ആ വിഐപി എന്ന് വ്യക്തമാക്കി ബാലചന്ദ്ര കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ വിഐപി സിനിമയുമായി ബന്ധപ്പെട്ട ആളല്ല. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ രാഷ്ട്രീയക്കാരനാണ്. കാരണം അദ്ദേഹം ഖദര്‍ മുണ്ടും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. മാത്രമല്ല അവര്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നതും കേട്ടിരുന്നു. ആ വിഐപി എന്തായാലും അന്‍വര്‍ സാദത്ത് അല്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

''അന്‍വര്‍ സാദത്തിന്റെ പല വീഡിയോകളും ശബ്ദവും ഒക്കെ പരിശോധിച്ച് നോക്കിയിട്ടുളളതാണ്. പക്ഷേ അദ്ദേഹമല്ല. വന്ന ആളുടെ കളറും ബോഡി ലാംഗ്വേജുമൊക്കെ വേറെയാണ്. പക്ഷേ രാഷ്ട്രീയ ബന്ധമുളള ആളാണ് എന്നാണ് വിശ്വസിക്കുന്നത്. തിരുവനന്തപുരം രീതിയിലാണ് ചില ഭാഷാ പ്രയോഗങ്ങള്‍. അക്കാര്യവും പോലീസിനോട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരവുമായി സഹവാസമുളള ആളാകാം''.

''ഈ വ്യക്തി ബിസിനസ്സ് കൂടി ചെയ്യുന്ന ആളാണ്. ട്രാവല്‍, ഹോട്ടല്‍ ബിസിനസ്സ് ഉളളത് പോലെയാണ ്‌സംസാരത്തില്‍ നിന്ന് മനസ്സിലായത്. ബുക്കിംഗിനെ കുറിച്ചും ബാങ്കില്‍ പൈസ വന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിനെ കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. യാത്ര വിദേശത്തേക്ക് ആയിരുന്നു എന്നാണ് തനിക്ക് തോന്നുന്നത്'' എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

''മൂന്ന് പേരുടെ ചിത്രങ്ങളാണ് പോലീസ് മൂന്ന് തവണയായി കാണിച്ച് തന്നത്. ഒരാള്‍ രാഷ്ട്രീയക്കാരനും മറ്റൊരാള്‍ ബിസിനസ്സുകാരനും ആണ്. ഈ വ്യക്തി ബിസിനസ്സും രാഷ്ട്രീയവും ഒരുമിച്ചുളള വ്യക്തിയാണ് എന്നാണ് കരുതുന്നത്. കുറച്ച് പ്രായമുളള വ്യക്തിയാണ്. സംശയമുളള ഒരാളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിക്ക് വിഐപിയെ അറിയുമോ എന്ന് തനിക്ക് അറിയില്ല. തന്റെ കയ്യിലുളള എല്ലാ വിവരങ്ങളും പോലീസിന് കൈമാറാന്‍ തയ്യാറാണ്''.

ദിലീപിനെ പരിചയപ്പെട്ട കാലം മുതലുളള കാര്യങ്ങള്‍ 51 പേജുളള മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. ''പോലീസിന് നല്‍കിയ മൊഴിയേക്കാള്‍ വിശദമായി തന്നെ രഹസ്യമൊഴി നല്‍കിയിട്ടുളളത്. പോലീസ് തന്നെ ഒരു നൂലില്‍ കെട്ടിയിറക്കി, ചാരനെ പോലെ കൂടെ നിര്‍ത്തി എന്നൊക്കെ പറയുന്നത് തെറ്റാണ്. താന്‍ സിനിമയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തത്'' എന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

''കഴിഞ്ഞ 6 വര്‍ഷത്തെ സിനിമയുടെ ഡിസ്‌കഷന്‍സ് തന്റെ കയ്യില്‍ ഇരിപ്പുണ്ട്. അത് ദിലീപിനും ദിലീപിന്റെ സഹോദരനും അറിയാം. ചര്‍ച്ച ചെയ്യുന്ന സമയത്ത് വീഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യാറുണ്ട്. അതൊരു ശീലമാണ്. പ്രീപ്രൊഡക്ഷന്‍ സമയത്ത് ഓരോരുത്തരും പറയുന്നത് ഡിജിറ്റലായി താന്‍ സൂക്ഷിക്കാറുണ്ട്''. 6 വര്‍ഷത്തെ ഡിസ്‌കഷന്റെ വിവരങ്ങള്‍ പോലീസ് തന്നോട് ചോദിച്ചിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

''ദിലീപിനെ കുടുക്കാന്‍ വേണ്ടി മാത്രം റെക്കോര്‍ഡ് ചെയ്തത് അല്ല. ദിലീപുമായി ചര്‍ച്ച ചെയ്യുന്നത്, യാത്ര ചെയ്യുന്നത്, ഫോട്ടോകള്‍ എല്ലാം ഉണ്ട്. ഓഡിയോ ആയിട്ട് റെക്കോര്‍ഡ് ചെയ്തത് തന്നെ നിരവധി ഉണ്ട്. ദിലീപും സഹോദരനും അളിയനും ഒക്കെ ഉണ്ട്. ഇതൊക്കെ ഒരു സുപ്രഭാതത്തില്‍ റെക്കോര്‍ഡ് ചെയ്തത് അല്ലെന്ന് തെളിയിക്കാനായി എല്ലാ റെക്കോര്‍ഡുകളും പോലീസ് ചോദിച്ചിട്ടുണ്ട്'' എന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications