രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി
ബി സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.

കൊച്ചി: തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നവർ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് മുൻ കോൺഗ്രസ് സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി. രാജ്യതാത്പര്യത്തിന് മുകളിൽ മറ്റൊരു രാഷ്ട്രീയമില്ല.ദേശീയ താത്പര്യങ്ങളുടെ കാര്യം വരുമ്പോൾ രാജ്യത്തെ 120 കോടി ജനങ്ങളും രാജ്യതാത്പര്യത്തിന് വേണ്ടി നിൽക്കണമെന്നതാണ് തന്റെ ദൃഢമായ അഭിപ്രായമെന്നും അനിൽ ആന്റണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനുള്ള പ്രത്യേക അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം.

'എനിക്ക് ആരോടും പരിഭവമില്ല, ഇതെല്ലാം ക്ഷമിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ ഇവരെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനതയോട് മാപ്പ് പറയേണ്ടി വരും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരെ നിന്ന് രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിക്കാതെ വിഘടവാദിയായ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഒപ്പം നിന്ന് ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരാണ്.

ബിജെപിയിലേക്ക് പോയേക്കുമെന്നതൊക്കെ തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെയൊരു കോൺഗ്രസിൽ പ്രവർത്തിക്കുകയെന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാൻ രാജിവെച്ച് എന്റെ പ്രൊഫഷണൽ താത്പര്യങ്ങളുമായി മുന്നോട്ട് പോകുന്നത്. ദേശീയ താത്പര്യങ്ങളുടെ കാര്യം വരുമ്പോൾ എന്റെ ദൃഢമായ അഭിപ്രായം രാജ്യത്തെ 120 കോടി ജനങ്ങളും രാജ്യതാത്പര്യത്തിന് വേണ്ടി നിൽക്കണമെന്നതാണ്.

പ്രധാനമന്ത്രി വരും പോകും, രാജ്യം ശാശ്വതമാണ്. രാജ്യതാത്പര്യത്തിന് മുകളിൽ മറ്റൊരു രാഷ്ട്രീയമില്ല. കേരളത്തിലായാലും ഇന്ത്യയിലായാലും ശശി തരൂരിനെ പോലൊരു നേതാവ് എല്ലാ പദവികൾക്കും അർഹനാണ്. 20 വർഷം മുൻപ് വെറും രണ്ടോ മൂന്നോ വോട്ടുകൾക്കാണ് അദ്ദേഹം യുഎൻ സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഏതോ ഒരു രാജ്യം വീറ്റോ ചെയ്തതോടെയായിരുന്നു. അല്ലെങ്കിൽ അദ്ദേഹം യുഎസ് സെക്രട്ടറി ജനറൽ ആയേനെ. അങ്ങനെയൊരു വ്യക്തി പദവികൾക്ക് അർഹനല്ലെന്ന് പറയുന്നത്ത അബദ്ധമാണ്', അനിൽ ആന്റണി പറഞ്ഞു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററ പ്രദർശിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതിനിടയിലായിരുന്നു അനിൽ ആൻറണിയുടെ വിവാദ പ്രതികരണം. ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അനിൽ പ്രതികരിച്ചത്.

സംഭവം വിവാദമായതോടെ അനിൽ ആന്റണി പാർട്ടി പദവി രാജിവെയ്ക്കുകയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ അനിലിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. തെറ്റ് ആർക്കും പറ്റും. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് ആരേയും പുറത്താക്കേണ്ട കാര്യമില്ല' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.












Click it and Unblock the Notifications