ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം; സിബിഐക്ക് കനത്ത തിരിച്ചടി
കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ആറ് പ്രതികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐ ബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡി ജി പി സി ബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ട് എന്ന് നേരത്തെ സി ബി ഐ പറഞ്ഞിരുന്നു. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ് എന്നും രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണ് എന്നുമായിരുന്നു സി ബി ഐ പറഞ്ഞിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നും സി ബി ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സി ബി ഐ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. അതേസമയം ഉപാധികളോടെ ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല എന്ന് പ്രതികളോട് ഹൈക്കോടതി പറഞ്ഞു. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications