അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ടാറിങ് ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു, 60 ശതമാനം പൂർത്തിയായി
കൊച്ചി: അരൂർ-തുറവൂർ ഉയരപ്പാതയുടെ ടാറിങ് ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു. അരൂർ മുതൽ തുറവൂർ വരെ ഇരുവശങ്ങളിലുമായി 25.25 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണം നടക്കുന്നത്. ഇതിൽ 60 ശതമാനം ഭാഗത്തെ ടാറിങ് ഇതിനകം പൂർത്തിയായി. കുത്തിയതോട് പാലത്തിന് സമീപം റാമ്പ് നിർമിക്കുന്ന ഭാഗത്തും ടാറിങ് ജോലികൾ പുരോഗമിക്കുന്നുണ്ട്. ചന്തിരൂർ പാലത്തിന് സമീപത്തെ റാമ്പിലൂടെ തെക്കോട്ടുള്ള ഭാഗത്താണ് നിലവിൽ ടാറിങ് നടക്കുന്നത്.
ചന്തിരൂർ പാലം മുതൽ എരമല്ലൂർ വരെയുള്ള ഭാഗത്തെ ടാറിങ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അരൂർ മുതൽ തുറവൂർ വരെ രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതകളിലൊന്നിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. തുറവൂർ, കുത്തിയതോട് മേഖലകളിൽ തൂണുകൾക്ക് മുകളിൽ ഇനി പാതയുടെ ടാറിങ് പൂർത്തിയാക്കാനുണ്ട്.

അതേസമയം, ഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 11 കെവി വൈദ്യുതി ലൈൻ മാറ്റുന്നതിലുണ്ടായ കാലതാമസം അരൂർ ശ്രീനാരായണ നഗറിലെ മൂന്ന് തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയെ ബാധിച്ചിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് അടുത്തിടെയാണ് മേഖലയിലെ ജോലികൾ നടന്നത്.
ഈ ഭാഗത്തെ പാതയുടെ കോൺക്രീറ്റിങ് പൂർത്തിയാക്കി കോൺക്രീറ്റ് ഉറച്ചശേഷം ചന്തിരൂരിൽനിന്ന് വടക്കോട്ടുള്ള ഭാഗത്തെ ടാറിങ് ആരംഭിക്കാനാണ് പദ്ധതി. നിർമ്മാണം വേഗത്തിലാകുന്നതോടെ ഉയരപ്പാതയുടെ വിവിധ ഭാഗങ്ങളിൽ ടാറിങ് പൂർത്തിയാകുകയും ഗതാഗതത്തിനായി പാത സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
അതിനിടെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് ജോലികൾ സെപ്റ്റംബർ 16 വരെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള 26, 28 നമ്പർ തൂണുകൾക്ക് മുകളിലെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് ജോലികളാണ് പുരോഗമിക്കുന്നത്. അതിനാൽ തന്നെ നാളെ വരെ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
70 മീറ്റർ ഭാഗത്താണ് സ്ലാബ് കാസ്‌റ്റിങ് ജോലികൾ നടക്കുന്നത്. ഈ ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തിയാകുന്നതോടെ അരൂർ-തുറവൂർ ഉയരപ്പാതയുടെ പ്രധാന കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായേക്കും. ഇതോടെ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ജോലികൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്.
അതേസമയം, രാജ്യത്തെ ഏറ്റവും നീളം കൂടിയ ആറ് വരി എലിവേറ്റഡ് ഹൈവേയായ എൻഎച്ച് 66ലെ 12.75 കിലോമീറ്റർ അരൂർ-തുറവൂർ പാതയുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള സമയപരിധി പലപ്പോഴായി നീട്ടിയിരുന്നു. പദ്ധതിയുടെ നിർമ്മാണം ആദ്യം കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഇത് ഓഗസ്‌റ്റിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴാണ് സമയപരിധി വീണ്ടും ഡിസംബറിലേക്ക് നീട്ടിയത്.
അരൂർ റെസിഡൻസി ഹോട്ടലിന് സമീപത്തെ അധിക ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ അനുമതി ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് നിർമ്മാണം വൈകാനുള്ള പ്രധാന കാരണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.




Click it and Unblock the Notifications
