ദളിതര്‍ക്ക് പുതിയ പാര്‍ട്ടി; മന്ത്രിയ്ക്ക് പട്ടികജാതിയെന്നു പറയാന്‍ മടിയെന്ന് ആരോപണം
കോഴിക്കോട്: താന്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട ആളാണെന്ന് പറയാന്‍ പോലും മടിക്കുന്ന മന്ത്രിയാണ് കേരളത്തില്‍ വകുപ്പു കൈകാര്യം ചെയ്യുന്നതെന്ന് ദലിത് നേതാക്കള്‍. മന്ത്രിക്ക് അത്തരമൊരു വകുപ്പു കൈകാര്യം ചെയ്യുന്നുവെന്നു പറയാന്‍ പോലും മടിയാണെന്നാണ് ആക്ഷേപം. പകരം ടൂറിസം എന്ന അദ്ദേഹം കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പാണ് പേരിനൊപ്പം ചേര്‍ക്കാറുള്ളതെന്നും ദലിത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ട്ടികള്‍ക്കു പഞ്ഞമില്ലാത്ത കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടികൂടി നിലവില്‍വരുകയും ചെയ്തു. ഏഴ് ദലിത് സംഘടനകള്‍ ചേര്‍ന്ന് ഭാരത് ദേശ് പാര്‍ട്ടി (ബിഡിപി) എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. അംബേദ്കര്‍ ജനപരിഷത്ത്, കുറവന്‍ മഹാസഭ, സാംബവ മഹാസഭ, കരിമ്പാല്‍ മഹാസഭ, വള്ളുവന്‍ ജനസഭ, കള്ളാടി സമുദായ സംഘം, ഉത്തരകേരള പറയസഭ എന്നിവ ചേര്‍ന്നാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും തോല്‍പ്പിക്കേണ്ടവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിക്കുമെന്നുമാണ് പ്രഖ്യാപനം. സ്ഥാനാര്‍ഥികളെ 28ന് കോഴിക്കോട്ട് ചേരുന്ന കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.
അംബേദ്ക്കറിസമാണ് പാര്‍ട്ടിയുടെ താത്വികാടിത്തറ. അടിസ്ഥാനജനതയുടെ മോചനത്തിന് അധികാരത്തില്‍ പങ്കാളിത്തം അനിവാര്യമാണെന്നു നേതാക്കള്‍ പറഞ്ഞു. ഇന്ത്യയിലെ 85 ശതമാനം വരുന്ന ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കെതിരെ രാജ്യത്തെങ്ങും വെല്ലുവിളി ഉയരുന്നു. ഇതിന്റെ പാപഭാരങ്ങളെല്ലാം വഹിക്കേണ്ടിവരുന്നത് 30 ശതമാനം വരുന്ന ദലിത് സമൂഹം. സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷമായിട്ടും സമൂഹത്തിലെ പിന്നാക്ക-മര്‍ദിത ജനകോടികളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതിയിലൊന്നും വലിയ മാറ്റമില്ല. എല്ലാ കാലത്തും വോട്ടു ബാങ്ക് മാത്രമായി മാറിയ ദലിത് സമൂഹത്തിന്റെ സമൂല പരിവര്‍ത്തനമാണ് പാര്‍ട്ടിയിലൂടെ ല്ക്ഷ്യം വയ്ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. രാമദാസ് വേങ്ങേരിയാണ് പാര്‍ട്ടിയുടെ ജനറല്‍ കണ്‍വീനര്‍.












Click it and Unblock the Notifications