'ആസാദ് കശ്മീർ പരാമർശം': പഴയ സിമിക്കാരനില്‍ നിന്ന് ഇന്ത്യാവിരുദ്ധത പ്രതീക്ഷിച്ചാൽ മതി: സുരേന്ദ്രൻ
കോട്ടയം: കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എം എൽ എയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നും അദ്ദേഹം പറയുന്നു.

സൈന്യത്തിനെതിരെയും ജലീൽ തന്റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവൻ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സി പി എം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

കേരളത്തെ വീണ്ടെടുക്കാനുള്ള പ്രചരണം ബിജെപി ആരംഭിച്ചു കഴിഞ്ഞു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കണം. ഇതിന് വേണ്ടി വർഷങ്ങളായി കേരളം കാത്തിരിക്കുകയാണ്. എന്നാൽ മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങി സർക്കാർ കീഴടങ്ങുകയാണ്. മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്. സിപിഎമ്മും ഇതിന് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ അവഗണന ഭാഷാപിതാവിന് നേരിടേണ്ടി വന്നിട്ടും മതേതര പാർട്ടികൾ ശബ്ദിക്കുന്നില്ല.

കേരളത്തിലെ നവോത്ഥാന സമിതി ചിലയാളുകളുടെ താത്പര്യം മാത്രം സംരക്ഷിക്കാനുള്ളതാണ്. വിവേചനപരമായ നിലപാടാണ് മുത്തലാക്കിന്റെയും ശബരിമലയുടേയും കാര്യത്തിൽ നവോത്ഥാന സമിതിക്കുള്ളത്. ഒരു സിനിമയിലെ പരസ്യം പോലും സർക്കാരിന് അസഹിഷ്ണുതയുണ്ടാക്കുകയാണ്. ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ വക്താക്കളായ സൈബർ സഖാക്കൾ സിനിമക്കെതിരെ അഴിഞ്ഞാടുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സർക്കാരിന് കുഴലൂത്ത് നടത്തുകയാണ്. പിണറായി മന്ത്രിസഭയിലെ മന്ത്രിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തോമസ് ഐസക്കിന്റെ അഴിമതി ഇഡി അന്വേഷിച്ചാൽ എന്ത് പ്രശ്നമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മനസിലാകുന്നില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇല്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് പ്രതിപക്ഷ നേതാവ് പറയണം. തന്റെ പേരിലുള്ള ചില വിദേശ ഇടപാടുകൾ പുറത്തുവരുമോയെന്ന് സതീശൻ ഭയക്കുന്നുണ്ട്. ഇഡിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിൽ കെ പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. സി പി എം- കോൺഗ്രസ് പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ കേസുകളും അട്ടിമറിക്കപ്പെടുകയാണ്. സഹകരണ കൊള്ളയ്ക്കെതിരെ 20 ന് സെക്രട്ടറിയേറ്റ് നടയിൽ ബി ജെ പി പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടൊപ്പം ബി ജെ പിയും വിവിധ പരിപാടികൾ നടത്തുകയാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും വിവിധഘട്ടങ്ങളിൽ പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്ത പല ആളുകളും മുഖ്യധാരയിൽ നിന്നും അവഗണിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ചരിത്രം കൂടി ജനങ്ങളിലെത്തിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യെമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications