'കുറ്റവാളികൾ ഞെളിഞ്ഞ് നടക്കുകയാണ്. ഞാനിവിടുത്തെ രാജാവാണ് എന്ന മട്ടിലാണ് കാര്യങ്ങൾ'; ഭാഗ്യലക്ഷ്മി
കൊച്ചി; ഡബ്ല്യു സി സി യുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഹേമക്കമ്മിറ്റി ഉണ്ടായത്. അതുകൊണ്ട് തന്നെ അവർ എടുക്കുന്ന തിരുമാനങ്ങൾ സംഘടന അംഗങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവറിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇന്റേണൽ കമ്മിറ്റികളിൽ ഒരിക്കലും സിനിമ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തരുത്.
ഇന്റേണൽ കമ്മിറ്റികൾ നിഷ്പക്ഷം ആയിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

നിയമത്തിന് മുന്നിൽ കുറ്റവാളികളായി നിൽക്കുന്നത് ഇരകളാണ്. കുറ്റവാളികൾ ഇവിടെ ഞെളിഞ്ഞ് നടക്കും. ഞാനിവിടുത്തെ രാജാവാണ്, ഞാൻ എന്തും ചെയ്യും എന്ന മട്ടിൽ. കാരണം പൈസ എറിഞ്ഞാൽ എന്തും എളുപ്പം നടക്കുമല്ലോ. ഇരകൾ നീതിക്കായി ഇരക്കേണ്ടി വരികയാണ്.

നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സർക്കാരിനെ സംബന്ധിച്ച് നടപടിയെടുത്തേ പറ്റൂ. എന്നാൽ . കാലങ്ങളിത്രയും കഴിഞ്ഞ് പോയതിനാൽ എന്നോട് ഇത്തരത്തിൽ ഒരാൾ ചെയ്തെന്ന് ഒരു സ്ത്രീ പറയുമ്പോൾ കോടതിയിൽ ഇതിനെല്ലാം തെളിവ് വേണം. സർക്കാർ നമ്മോടൊപ്പം നിന്നാൽ പോലും രണ്ട് മണിക്കൂർ കാറിനകത്ത് നേരിടേണ്ടി വന്നതിനേക്കാൾ പീഡനമാണ് കോടതിയിൽ നേരിടേണ്ടി വരുന്നത്.

കാശെറിഞ്ഞൊരു വക്കീലിനേയും ഏർപ്പെടുത്തിയാൽ കോടതിയിൽ വെച്ച് പരാതിപ്പെടുന്ന പെണ്ണിനെ ഒന്നൂടെ തുണിയുരിച്ച് റേപ്പ് ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. ഇവിടെ എല്ലാത്തിനും പണമാണ്. അതിന് മുൻപിൽ എല്ലാവരും വശംവദരാകുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ വിധി വന്നപ്പോൾ കണ്ണു നിറഞ്ഞ് പോയി. കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോയെ സ്ത്രീകൾ കൂടി എഴുന്നള്ളിച്ച് നടത്തുന്നത് കണ്ടപ്പോൾ ഏറെ വേദനിച്ച് പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുകൊണ്ടൊക്കെ തന്നെയാണ് പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തിനാണ് നിയമത്തിന്റെ മുൻപിൽ പീഡിപ്പിക്കാൻ നിന്ന് കൊടുക്കേണ്ടി വരുതെന്ന ചോദ്യം ഒരോ സ്ത്രീയുടേയും മനസിൽ ഉണ്ടാകുന്നത്. കാലം പോകുന്തോറും കോടതിയിൽ വിശ്വാസം ഇല്ലാതായിരിക്കുന്നു, ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിനിടെ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ചർച്ചയിൽ പങ്കെടുത്ത റിമ കല്ലിങ്കൽ പ്രതികരിച്ചു.
അഞ്ച് വർഷമായി നമ്മൾ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങൾ മാറ്റി നിർത്തപ്പെടുന്നുണ്ട്. ഞങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. ഫാൻ ഗ്രൂപ്പുകളിൽ നിന്ന് ആക്രമണം നേരിടുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്ന് കരുതിയവർ പോലും മുഖം തിരിഞ്ഞ് നിൽക്കുന്നുണ്ട്. ഞങ്ങൾ എടുത്ത പണിക്കുള്ള മാറ്റമാണ് ഇനി വേണ്ടത്, റിമ കല്ലിങ്കൽ പറഞ്ഞു. .

നിലവിൽ എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ അത് പരാതിപെടാനോ കേൾക്കാനോ ഒരു സംവിധാനം ഇല്ല. അതുണ്ടാക്കണമെന്നാണ് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ആവശ്യപ്പെടുന്നത്. എല്ലാ സെറ്റിലും ഒരു ഇന്റേണൽ കമ്മിറ്റി വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഇന്ന് ഇപ്പോൾ ഡബ്യുസിസിയോടാണ് സ്ത്രീകൾ വന്ന് പ്രശ്നങ്ങൾ പറയുന്നത്.

പല സമയത്ത് വർക്ക് ചെയ്യുന്ന മേഖലയാണ്. അതുകൊണ്ട് തന്നെ ജോലി സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ സ്ത്രീകൾക്കും പോലീസ് സ്റ്റേഷനിൽ പോയി പരാതി പറയാൻ സാധിക്കില്ല. സ്ത്രീകൾ ഇവിടെ ശക്തരല്ല. അവരുടെ ആത്മാഭിമാനം പണയം വെച്ചിട്ടാണ് അവർ സംസാരിക്കാതെ ഇരിക്കുന്നത്. നഷ്ടം എന്നും സ്ത്രീകൾക്കാണ്. ഇവിടെ ശക്തമായൊരു സിസ്റ്റം നമ്മുക്കില്ല. അതാണ് ആദ്യം നടപ്പാക്കാണ്ടേതെന്നും റിമ പറഞ്ഞു.

റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിജീവിതകളെ സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ സ്വകാര്യത നിലനിർത്തി ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവരണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അംഗങ്ങൾ വ്യക്തമാക്കിയത്.












Click it and Unblock the Notifications