വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്
കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ അഭയം തേടി ബിജെപി പാളയത്തിലാണ് എപി അബ്ദുളളക്കുട്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്. മോദി സ്തുതി തന്നെയാണ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അബ്ദുളളക്കുട്ടിക്ക് പുറത്തേക്കുളള വഴി കാട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അബ്ദുളളക്കുട്ടി അദ്ദേഹം തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തു. കേരള നേതാക്കളുമായുളള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അബ്ദുളളക്കുട്ടിയുടെ ഔദ്യോഗിക ബിജെപി പ്രവേശം. അബ്ദുളളക്കുട്ടിക്ക് മുന്നില്‍ ബിജെപി വന്‍ ഓഫറാണ് വച്ച് നീട്ടിയിരിക്കുന്നത്.

അവസാനത്തെ മേച്ചിൽപ്പുറം
സിപിഎമ്മില്‍ നിന്ന് മോദി സ്തുതി നടത്തി പുറത്തേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസില്‍ ഒരിടം ഒരുക്കി വെച്ചിരുന്നു എപി അബ്ദുളളക്കുട്ടി. കോണ്‍ഗ്രസില്‍ നിന്ന് അതേ കാരണത്തിന് മേല്‍ പുറത്ത് പോകുമ്പോള്‍ അടുത്ത മേച്ചില്‍പ്പുറമായി അബ്ദുളളക്കുട്ടി ബിജെപിയെ തിരഞ്ഞെടുത്തു. ന്യൂനപക്ഷ വോട്ടുകളിലേക്കാണ് അബ്ദുളളക്കുട്ടിയെ ബിജെപിയിലേക്ക് ചേര്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ കണ്ണ്.

മഞ്ചേശ്വരത്ത് പരിഗണിക്കുമോ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒഴിവ് വന്ന ആറ് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അബ്ദുളളക്കുട്ടിയുടെ പാര്‍ട്ടി മാറ്റം. മഞ്ചേശ്വരത്ത് അബ്ദുളളക്കുട്ടിയെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിച്ചേക്കും എന്ന് വാര്‍ത്തകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലീം വോട്ടുകള്‍ക്ക് പ്രധാന്യമുണ്ട് എന്നതാണ് ഇവിടേക്ക് അബ്ദുളളക്കുട്ടിയെ പരിഗണിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

കേരളത്തിലോ കർണാടകത്തിലോ
അതേസമയം കേരളത്തിലാണോ അതോ കര്‍ണാടകത്തിലാണോ അബ്ദുളളക്കുട്ടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. കര്‍ണാടകത്തിലെ ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍ ആണ് അബ്ദുളളക്കുട്ടിയെ ബിജെപിയില്‍ എത്തിക്കാന്‍ ചരട് വലിച്ച നേതാവ്. ദക്ഷിണ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീം വോട്ടുകള്‍ ബിജെപിയില്‍ എത്തിക്കുക എന്നതാണ് കട്ടീലിന്റെ കണക്ക് കൂട്ടല്‍.

കേന്ദ്ര സഹമന്ത്രി സ്ഥാനം
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അബ്ദുളളക്കുട്ടിക്ക് താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാര്യം അബ്ദുളളക്കുട്ടി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നരേന്ദ്ര മോദിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും ദില്ലിയിലെത്തി അബ്ദുളളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. അബ്ദുളളക്കുട്ടിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനമാണ് ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.

മോദിയുടെ രണ്ടാം സമ്മാനം
കേരളത്തില്‍ നിന്നും ബിജെപിയുടെ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയ്ക്കാണ് കഴിഞ്ഞ തവണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവി ലഭിച്ചത്. ഇക്കുറി കണ്ണന്താനം തഴയപ്പെട്ടു. ഇക്കുറി ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കാനായി അബ്ദുളളക്കുട്ടിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനം നല്‍കുന്ന കാര്യം ബിജെപി പരിഗണിച്ചേക്കും. അങ്ങനെ വന്നാല്‍ വി മുരളീധരന് ശേഷം കേരളത്തിന് അബ്ദുളളക്കുട്ടിയിലൂടെ രണ്ടാം മന്ത്രിയെ ആകും ലഭിക്കുക.
ഒരു മാസം നീണ്ട ഒളിച്ച് കളിക്ക് അവസാനം, രാഹുൽ ഗാന്ധി തിരിച്ച് വരുന്നു! പക്ഷെ സസ്പെൻസ് ബാക്കി!