കേരളത്തിൽ ബിജെപി പ്രതീക്ഷ ഈ ഒരു മണ്ഡലം; 2024 മുന്നിൽ കണ്ട് പ്രത്യേക പദ്ധതി
തിരുവനന്തപുരം: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നാല് മണ്ഡലങ്ങളായിരുന്നു ബി ജെ പി എ ക്ലാസ് പട്ടികയിൽ പെടുത്തിയത്. തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, കാസർഗോഡ് എന്നിവയായിരുന്നു ഈ മണ്ഡലങ്ങൾ. ശബരിമല വിഷയം അടക്കമുള്ളവ മുൻനിർത്തി ഇവിടങ്ങളിൽ അട്ടിമറി ബി ജെ പി പ്രതീക്ഷിച്ചിരുന്നു. എന്നാൽ പാർട്ടി പ്രതീക്ഷകളെ അസ്ഥാനത്താക്കി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. ആശ്വാസമായത് തിരുവനന്തപുരം മാത്രമായിരുന്നു. 31 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്താൻ പാർട്ടിക്ക് സാധിച്ചു.
ഇക്കുറി പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങൾ വിജയ സാധ്യത ലിസ്റ്റിൽ ബി ജെ പി പെടുത്തിയിട്ടുണ്ടെങ്കിലും പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക തിരുവനന്തപുരത്താണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി ഉന്നത തലയോഗത്തിൽ 144 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും പരാജയപ്പെട്ട മണ്ഡലങ്ങളാണ് ഇവ. ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഇവിടെ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നതാണ് കേന്ദ്ര നിർദ്ദേശം.

2014 ൽ ശശി തരൂർ -ഒ രാജഗോപാൽ പോരാട്ടത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ രാജഗോപാലിന് സാധിച്ചിരുന്നു.അന്ന് കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം നിയമസഭാ മണ്ഡലപരിധികളിലെല്ലാം രാജഗോപാലായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. 41 ശതമാനം വോട്ട് നേടി തരൂർ വിജയിച്ചപ്പോൾ കുമ്മനത്തിന് ലഭിച്ചത് 31 ശതമാനം വോട്ടുകളായിരുന്നു.
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ച തരൂരിനെ ഇത്തവണ കോൺഗ്രസ് തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിച്ചേക്കില്ലെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് ബി ജെ പി പ്രതീക്ഷ. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രത്യേക ശ്രദ്ധ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും. നിലവിൽ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നിരവധി പ്രമുഖർ ഉണ്ട്. ഇവരിൽ ആരെയെങ്കിലും ബി ജെ പി പരീക്ഷിച്ചേക്കും.
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

ബി ജെ പിയോടു പരസ്യമായി ചായ്വ് പ്രകടിപ്പിക്കുന്ന പൊതുസമ്മതർക്കാണ് സ്വാധ്യത കൂടുതലെന്നാണ് റിപ്പോർട്ട്.
20 ശതമാനത്തോളം ക്രിസ്ത്യൻ ജനസംഖ്യയുള്ള തിരുവനന്തപുരത്ത് ക്രിസ്ത്യൻ വോട്ടുകളിലും ബി ജെ പി കണ്ണുവെയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് ബി ജെ പി ഇതിനോടകം തന്നെ തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ ചില ക്രിസ്ത്യൻ നേതാക്കളുമായി ബി ജെ പി സംസ്ഥാന നേതാക്കളടക്കം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ ഫലം ചെയ്തേക്കുമെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തൽ.












Click it and Unblock the Notifications