'കൊച്ചി ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്ത്': കേന്ദ്രത്തിന് കത്ത്

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാർക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
മാലിന്യനിർമ്മാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. കോൺഗ്രസ്-സിപിഎം നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമാണ് ഇതിന്റെ കരാർ ലഭിച്ചത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിനായി രാപ്പകലില്ലാതെ നടന്നുവരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ മുന്നോറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റിലായി ഇവർ പ്രവർത്തിക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പുക ഉയരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 80 ശതമാനം പ്രദേശത്തെ പുകയും പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.
സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 270 അഗ്നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തനം നടത്തുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും പോലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസുകളും ക്യാമ്പ് ചെയ്യുന്നു. ഇന്നലെ രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. ഭാവിയിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications