കേസ്, സ്വത്ത്, വാഹനം എല്ലാം കാണിക്കണേ, ഇല്ലെങ്കിൽ പത്രിക തള്ളും
മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയം പുരോഗമിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയും ചെയ്തുതുടങ്ങിയതോടെ പാർട്ടികൾക്ക് മുമ്പിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. നാമനിർദേശ പത്രിക തയാറാക്കലും സമർപ്പിക്കലും. സ്വന്തം സ്ഥാനാർഥിയുടെ പത്രികയിൽ തെറ്റൊന്നും ഇല്ലെന്ന് ഉറപ്പാക്കലും എതിർ സ്ഥാനാർഥിയുടെ പത്രികയിലെ തെറ്റ് കണ്ടെത്തി തള്ളിക്കാനുള്ള ശ്രമങ്ങളുമൊക്കെ ഇനിയുള്ള ദിവസങ്ങളിൽ നടക്കും. കേരളത്തിൽ ഈമാസം 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ
ഈ രംഗത്ത് നല്ല ധാരണയും മുൻ പരിചയവും ഉള്ളവരെയാണ് നാമനിർദേശ പത്രിക തയാറാക്കാൻ സ്ഥാനാർഥികൾ ഏൽപ്പിക്കുന്നത്. പത്രിക തയാറാക്കുന്നതിനായുള്ള രേഖകൾ സംഘടിപ്പിക്കലാണ് ഇനിയുള്ള നാളുകളിൽ തകൃതിയായി നടക്കുക. സ്ഥാനാർഥിയുടെ പേരിൽ എത്ര കേസുകൾ ഉണ്ട്, ഇതിൽ ശിക്ഷിക്കപ്പെട്ട കേസുകൾ എത്ര എന്നിവയൊക്കെ കണ്ടെത്തണം. സ്ഥാനാർഥി അറിയാതെ പെട്ടുപോയ കേസുകളും കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന നേതാവായ സ്ഥാനാർഥികൾക്കൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത്തരം വിവരങ്ങൾ ശേഖരിക്കാനായി വിവരാവകാശനിയമത്തിന്റെ സഹായമാണ് തേടുക. സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എന്നിവിടങ്ങളിൽ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകി മറുപടി ശേഖരിക്കും. ഒപ്പം കോടതികളിലെ കേസിന്റെ വിവരങ്ങളും ശേഖരിക്കണം. 2019 വരെ സ്ഥാനാർഥികൾ അവർക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ പത്രികയിൽ കാണിക്കണമെന്ന് നിർബന്ധമില്ലായിരുന്നു. പിന്നീട് സുപ്രീം കോടതി ഇത് നിർബന്ധമാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു.
വിവരാവകാശനിയമപ്രകാരം കിട്ടുന്ന വിവരങ്ങൾ ആധികാരികമായതിനാൽ എതിരാളികൾക്ക് നിയമപരമായി ഇതു ചലഞ്ച് ചെയ്യാൻ കഴിയില്ല. കേസുകൾ സംബന്ധിച്ച് ഔദ്യോഗികരേഖകളിൽ വരുന്ന പിഴവുകളുടെ ഉത്തരവാദിത്തം സ്ഥാനാർഥിക്കല്ല.
സ്ഥാനാർഥി, ജീവിതപങ്കാളി, സ്ഥാനാർഥിയെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ, വിവാഹിതരല്ലാത്ത മക്കൾ എന്നിവരുടെ ആസ്തി– ബാധ്യതയും പത്രികയിൽ കാണിക്കണം. വസ്തുവകകൾ, ഇതിന്റെ വിപണിമൂല്യം, കൈവശമുള്ളതും ബാങ്കിൽ സൂക്ഷിച്ചിട്ടുള്ളതുമായ സ്വർണം, രത്നങ്ങൾ, മറ്റു വിലപിടിപ്പുള്ളവ, ഇതിന്റെ വിപണിമൂല്യം എന്നിവ ഉൾപ്പെടുത്തണം. ഒപ്പം സ്ഥാനാർഥിയുടെയും പങ്കാളിയുടെയും സ്ഥാനാർഥിയെ ആശ്രയിച്ചു കഴിയുന്നവരുടെയും ബാങ്ക് ബാലൻസ്, ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ്, വരുമാന സർട്ടിഫിക്കറ്റ്, എല്ലാത്തരം സ്ഥിരനിക്ഷേപങ്ങൾ, ഷെയറുകൾ എന്നിവയും കൈവശമുള്ള പണത്തിന്റെ കണക്കും കാണിക്കണം.
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ
സ്വന്തം പേരിലും പങ്കാളിയുടെ പേരിലും സ്ഥാനാർഥിയെ ആശ്രയിച്ചു കഴിയുന്നവരുടെ പേരിലുമുള്ള വാഹനങ്ങളുടെ വിവരങ്ങളും കാണിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷം സ്ഥലമോ മറ്റു നിക്ഷേപങ്ങളോ സ്ഥാനാർഥി മറ്റുള്ളവരുടെ പേരിലേക്കു മാറ്റിയിട്ടുണ്ടെങ്കിൽ അതു പത്രിക തള്ളാനുള്ള കാരണമായേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് നടന്ന ഇടപാടുകൾ ബാധകമല്ല.
ആധാർകാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഫോട്ടോകൾ എന്നിവയും പത്രികയ്ക്ക് ഒപ്പം ഹാജരാക്കണം. സ്ഥാനാർഥിയുടെ വിദ്യാഭ്യാസയോഗ്യത കാണിക്കുകയും അതിന്റെ സർട്ടിഫിക്കറ്റ് പകർപ്പുകൾ ഒപ്പം വെക്കുകയും വേണം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ സ്ഥാനാർഥിയുടെ പേരും വോട്ടർ പട്ടികയിലെ പേരും ഒന്നുതന്നെ ആയിരിക്കുകയും വേണം.
ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണെങ്കിൽ പത്രികയിൽ ഒരാൾ പിന്തുണച്ചാൽ മതി. സ്വതന്ത്ര സ്ഥാനാർഥിക്ക് 10 പേരുടെ പിന്തുണ വേണം. ഈ 10 പേരും വോട്ടർ പട്ടികയിൽ പേരുള്ളവരും തിരിച്ചറിയൽ കാർഡ് ഉള്ളവരും ആയിരിക്കണം. ഇവരുടെ ഒപ്പും രേഖകളും കൃത്യമായിരിക്കണം.
200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നോട്ടറി സത്യവാങ്മൂലവും ഹാജരാക്കണം. അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയാണെങ്കിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ഔദ്യോഗിക കത്തും വേണം. സംവരണ സീറ്റിലാണ് മത്സരിക്കുന്നതെങ്കിൽ സ്ഥാനാർഥിയുടെ ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. തെരഞ്ഞെടുപ്പ് ഇടപാടുകൾക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന് അതിന്റെ രേഖകളും കാണിക്കണം.












Click it and Unblock the Notifications