റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; പോലീസ് കസ്‌റ്റഡിയിൽ, ലഹരി ഉപയോഗം സമ്മതിച്ച് വേടൻ
കൊച്ചി: പ്രമുഖ റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഈ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ കൂടിയാലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇവിടേക്ക് എത്തിയത്.
കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. വേടന്റെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പോലീസ് തുടർനടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് വേടൻ ഫ്ലാറ്റിലേക്ക് എത്തിയതെന്നാണ് ലഭ്യമായ വിവരം.

ഫ്ലാറ്റിൽ മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് ഈ കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായി പോലീസ് തന്നെ വ്യക്തമാക്കി. എന്നാൽ കൂടുതൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ കഴിയുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ഹിരൺദാസ് മുരളി എന്നാണ് വേടന്റെ യഥാർത്ഥ പേര്. തൃശൂർ സ്വദേശിയാണ് ഇയാൾ. വോയിസ് ഓഫ് ദി വോയിസ്‌ലെസ് എന്ന പേരിൽ ഇറക്കിയ മ്യൂസിക് വീഡിയോ തരംഗമായതിന് പിന്നാലെയാണ് വേടനെ ജനങ്ങൾ ഏറ്റെടുത്തത്. ഇക്കാലത്തിനിടയിൽ യൂട്യൂബിൽ ഇറങ്ങിയ ഒട്ടേറെ വീഡിയോകളിലൂടെ വേടൻ ആസ്വാദകരെ കൈയിലെടുത്തിരുന്നു. പിന്നീട് സിനിമകളിലും അവസരം ലഭിച്ചിരുന്നു.
സിനിമ മേഖലയിലുള്ളവരില്‍ നിരവധിപേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം വ്യാപക പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ സമാനമായി ലഹരി മരുന്നുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയിരുന്നു. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് സ്‌റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.
അതിനിടെ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വേടന്റെ വീഡിയോ ആണിപ്പോൾ വൈറലാവുന്നത്. സിന്തറ്റിക് ഡ്രഗുകള്‍ നമ്മുടെ തലച്ചോറിനെ കാര്‍ന്നു തിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് തആവശ്യപ്പെട്ടതെന്നും കഴിഞ്ഞയാഴ്‌ച ഒരുപരിപാടിക്കിടെ വേടന്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.












Click it and Unblock the Notifications