വനിതാ നേതാവിനെ ജാതിപേര് വിളിച്ചു; തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്
കുട്ടനാട്: എൻ സി പിയുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചന്ന പരാതിയിൽ തോമസ് കെ തോമസ് എം എൽ എക്കും ഭാര്യ ഷേർളി തോമസിനും എതിരെ കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയുടെ പരാതിയിലാണ് കേസ്.
ഹരിപ്പാട് കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിനിടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. എൻസിപി ഫണ്ട് സമാഹരണ യോഗത്തിൽ ഹരിപ്പാട് മണ്ഡലത്തിൽ പെടാത്തവർ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയായിരുന്നു ബഹളം തുടങ്ങിയത്. എം എല്‍ എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്നും ജിഷ ചോദിച്ചിരുന്നു. ഇതോടെ എം എല്‍ എയുടെ ഭാര്യയും ജിഷയും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കമായി.

ഇതോടെ പാർട്ടി പ്രവർത്തകർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അവർ തന്നെ ജാതി പേര് വിളിച്ചതെന്ന് ജിഷ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അതേസമയം സംഭവത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി
എൻ സി പി നേതാവ് ആലീസ് കെ ജോസി രംഗത്തെത്തി. നേരത്തേ ആലീസും എംഎൽഎയ്ക്കെതിരെ പരാതി നൽകിയിരുന്നു.

ജാതി വിളിച്ച് ആക്ഷേപിക്കുകയെന്നത് എം എൽ എ അല്ല മന്ത്രി അല്ല,ആരായാലും നിയമനടപടി സ്വീകരിക്കണമെന്ന് ആലീസ് സി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. എം എൽ എയുടെ ഭാര്യ വരണ്ടേതും സ്റ്റേജിൽ കയറേണ്ടതുമായ കാര്യമില്ല. പാർട്ടിയുടെ നേതാവുമല്ല അവർ. താൻ എൻ സി പി വനിതാ നേതാവാണെന്നാണ് അവർ പറഞ്ഞ് നടക്കുന്നത്. എം എൽ എയുടെ ഭാര്യ ആയത് കൊണ്ട് മഹിളാ കോൺഗ്രസ് വനിത നേതാവിനെ ചീത്ത വിളിക്കുകയോ ചോദ്യം ചെയ്യാനോ ഉള്ള അധികാരം അവർക്ക് ഇല്ല. ശരദ് പവാറ് വന്നാൽ പോലും എന്നെ മാറ്റാൻ സാധിക്കില്ലെന്നാണ് അവർ പറഞ്ഞത്.
ജാതി പേര് വിളിച്ച് അച്ഛന് വിളിക്കുകയായിരുന്നു. പാർട്ടിയിലെ വനിതാ നേതാക്കളെ വളരാൻ അനുവദിക്കുന്നില്ലെന്നും പദവികൾ നൽകാൻ എം എൽ എ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം ജാതിയെന്നതൊക്കെ അവരുടെ ജനിതക പ്രശ്നമാണെന്ന് സാമൂഹിക പ്രവർത്തക ധന്യ രാമൻ പ്രതികരിച്ചു. 'സവർണ ഭ്രാന്തൻമാർ ഇതൊക്കെ വലിയ സംഭവമായി കൊണ്ടുനടക്കുകയാണ്. തോമസ് കെ തോമസ് ഒക്കെ ഭരണ ഘടന വായിക്കണം. സ്വന്തം രാഷ്ട്രീയ പാർട്ടിയ പാർട്ടിയിലെ സ്ത്രീകളോട് പോലും നന്നായി പെരുമാറാൻ കഴിയാത്ത ഇയാളൊക്കെ എങ്ങനെയാണ് നിയമസഭയിൽ വന്നിരിക്കുന്നത്'.

'തോമസ് ആദ്യം തോമസിന്റെ ഡി എൻ എ ടെസ്റ്റ് പരിശോധിക്കട്ടെ. ആരുടെ ബാക്കിയാണ് തോമസ് എന്ന് കാണട്ടെ , അതിന് ശേഷം ഞങ്ങൾ പട്ടിക ജാതിക്കാർ ഞങ്ങളുടെ കാര്യം തീരുമാനിച്ചോളം. ഇത്തരം പ്രാകൃത കാഴ്ചപ്പാട് ഉള്ളവരൊന്നും സഭയ്ക്കകത്ത് ഇരിക്കരുത്. സവർണർക്ക് ജനിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും മരിക്കുമ്പോഴുമാണ് അവരുടെ ജാതി വേണ്ടി വരുന്നത്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല. ജാതിയുടെ പേരിൽ ഒരോ നിമിഷവും ചോദ്യം ചെയ്യപ്പെടുകയാണ്', ധന്യ രാമൻ പ്രതികരിച്ചു.












Click it and Unblock the Notifications