കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം: വെല്ലുവിളിയെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ 2023-24 സാമ്പത്തിക വർഷത്തില്‍ വെട്ടിക്കുറച്ചു. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതെന്നും മന്ത്രി പറയുന്നു.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളായി 40,000 കോടിയിൽപ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ഇതിന് പുറമെയാണ് പുതിയ വെട്ടിക്കുറവ്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ 22,000 കോടി രൂപയാണ് സംസ്ഥാനം വായ്പാപരിധി പ്രതീക്ഷിച്ചത്. എന്നാൽ മൊത്തം വർഷത്തേക്ക് നിശ്ചയിച്ച പരിധിയാകട്ടെ 15390 കോടി രൂപ മാത്രവും.

ഫിസ്‌കൽ റസ്‌പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്റ്റ് (എഫ് ആർ ബി എം ആക്റ്റ്) നിഷ്‌കർഷിക്കുന്ന വായ്പാ തുക പോലും കേന്ദ്രം നൽകുന്നില്ല. ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങൾ വർധിപ്പിച്ചും ജനങ്ങളുടെ പിന്തുണയോട് കൂടിയുമാണ് കഴിഞ്ഞ വർഷം സംസ്ഥാനം പിടിച്ചുനിന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോൾ ചില വടക്കൻ സംസ്ഥാനങ്ങളിൽ അത് 40 ശതമാനം മാത്രമാണെന്ന്, ബാക്കി തുക കേന്ദ്ര സഹായമാണ്. കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications