ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിവാഹം ഇനി 'സുകന്യ' നടത്തും, രക്ഷകര്‍ത്താക്കള്‍ക്ക് പേടി വേണ്ട
ആലപ്പുഴ: മകള്‍ വളരുന്തോറും അച്ഛനമ്മമാരുടെ നെഞ്ചില്‍ തീയാണ്. പെണ്‍കുഞ്ഞ് ജനിയ്ക്കുമ്പോഴേ അവളുടെ കല്യാണത്തിനുള്ള പണം എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിയ്ക്കുന്ന ഒട്ടേറെ യുവദമ്പതികള്‍ കേരളത്തില്‍ ഉള്‍പ്പടെയുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 'സുകന്യ സമൃദ്ധി' സമ്പാദ്യ പദ്ധതി ഇത്തരം ആശങ്കകളില്‍ ഉഴലുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസമാവുകയാണ്.
പോസ്റ്റ് ഓഫീസ് വഴിയാണ് സുകന്യ സമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. സ്റ്റാമ്പ് വാങ്ങാന്‍ പോലും പോസ്റ്റ് ഓഫീസില്‍ കയറിയിട്ടില്ലാത്ത ഒട്ടേറെപ്പേരാണ് പെണ്‍മക്കള്‍ക്ക് വേണ്ടി സുകന്യ പദ്ധതിയില്‍ അംഗമാകാന്‍ പോസ്റ്റ് ഓഫീസില്‍ എത്തുന്നത്. ആളൊളിഞ്ഞ പോസ്റ്റ് ഓഫീസുകളും സുകന്യ വന്നതോടെ തിരക്കിലായി.

പെണ്‍കുട്ടികളുടെ വിവാഹത്തിന് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ് സുകന്യ. പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാവിനോ പിതാവിനോ ആയിരം രൂപ നല്‍കി തുറക്കാവുന്ന അക്കൗണ്ടാണ് സുകന്യ. 2003 ന് ശേഷം ജനിച്ച കുട്ടികളുടെ പേരിലും സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് അക്കൗണ്ട് തുറക്കാം.
കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, മാതാവിന്റെയോ പിതാവിന്റെയോ തിരിച്ചറിയല്‍ രേഖ എന്നിവ മാത്രം ഹാജരാക്കിയാല്‍ മതി. അക്കൗണ്ട് തുറന്നാല്‍ നൂറ് രൂപയുടെ ഗുണിതങ്ങളായി തുക നിക്ഷേപിയ്ക്കാം. നൂറ് രൂപയേ ഉള്ളൂവെങ്കില്‍ അത് അടയ്ക്കാം. ആദ്യം ആയിരം രൂപ നല്‍കി വേണം അക്കൗണ്ട് തുറക്കാന്‍. 14 വര്‍ഷമാണ് അടവിന്റെ കാലാവധി. ഒരുവര്‍ഷം ഒന്നര ലക്ഷത്തിലധികം രൂപ അടയ്ക്കാന്‍ പാടില്ല. 9.1 ശതമാനമാണ് പലിശ നിരക്ക്. കുട്ടിയ്ക്ക് 18 വയസ് തികഞ്ഞാല്‍ പലിശയുള്‍പ്പടെ 50ശതമാനം തുക പഠനാവശ്യങ്ങള്‍ക്കോ മറ്റോ പിന്‍വലിയ്ക്കാം.
19 വയസില്‍ വിവാഹം കഴിഞ്ഞാല്‍ 21 വര്‍ഷം വരെ കാത്തിരിയ്ക്കാതെ മുഴുവന്‍ തുകയും പിന്‍വലിയ്ക്കാം. നിക്ഷേപത്തിന് ആദായ നികുതി ഇളവും ലഭിയ്ക്കും. ഒരു മാസം ആയിരം രൂപ നിക്ഷേപിയ്ക്കുന്നുവെന്ന് ഇരിയ്ക്കട്ടേ പ്രതിവര്‍ഷം 12,000 രൂപയാണ് നിക്ഷേപിയ്ക്കുക. ഇപ്രകാരം അടവ് തുടര്‍ന്നാല്‍ 14 വര്‍ഷം കഴിയുമ്പോള്‍ 1.68 ലക്ഷം മാത്രമാണ് അടയ്‌ക്കേണ്ടി വരുന്നത്. പക്ഷേ 21 വര്‍ഷം കഴിഞ്ഞ് 6.07 ലക്ഷം രൂപ തിരികെ കിട്ടും.












Click it and Unblock the Notifications