നിഷാം സമൂഹത്തിന് ഭീഷണി, തൂക്കുകയര്‍ നല്‍കണം; ചന്ദ്രബോസ് വധക്കേസില്‍ കേരളം സുപ്രീംകോടതിയില്‍
തിരുവനന്തപുരം: തൃശൂരില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണം എന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്ന്. ചന്ദ്രബോസ് വധം സമൂഹ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് എന്നും സമൂഹത്തിന് വിപത്തും ഭീഷണിയും ആണ് നിഷാം എന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണ് ചന്ദ്രബോസ് കേസ് എന്നും പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം എന്നും സര്‍ക്കാര്‍ പറഞ്ഞു. ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ആണ് സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ഷൊങ്കര്‍ ആണ് അപ്പീല്‍ സമര്‍പ്പിച്ചത്.

അതിക്രൂരമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിന് നേരെ നടത്തിയത്. സാക്ഷി മൊഴികളില്‍ നിന്ന് ഹൈക്കോടതിക്ക് ഇത് വ്യക്തമായതാണ്. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം എന്നും പരിക്കേറ്റ് മൃതപ്രായനായ ചന്ദ്രബോസിന് നേരെ വീണ്ടും നിഷാം ആക്രമണം നടത്തി എന്നും സര്‍ക്കാര്‍ പറഞ്ഞു. ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തിയല്ല നിഷാം എന്നും അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
നേരത്തെ ഹൈക്കോടതി ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിന് നേരെ മുഹമ്മദ് നിഷാം നടത്തിയത് എന്നാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇത് എന്ന സംസ്ഥാന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചിരുന്നു.
കേസില്‍ അപ്പീലിന് പോകാം എന്ന് സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം കിട്ടിയിരുന്നു. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് തൃശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചിട്ടുള്ളത്.
ഇതില്‍ പിഴത്തുകയില്‍ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം എന്നും തൃശൂര്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ രൂക്ഷ വിമര്‍ശനത്തോടെ ആണ് സുപ്രീം കോടതി തള്ളിയത്.












Click it and Unblock the Notifications