ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടി വെള്ളാപ്പള്ളി; ശ്രീധരൻപിള്ളയ്ക്ക് മൂന്നാം സ്ഥാനമെന്ന്... അവഗണന മാത്രം
ബിഡിജെഎസ് പിന്മാറിയാൽ ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളയ്ക്ക് പഴയ വോട്ട് ലഭിക്കില്ലെന്നും, അദ്ദേഹം മൂന്നാമതാകുമെന്നും വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ പറഞ്ഞു.
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ബിജെപി-ബിഡിജെഎസ് പോര് രൂക്ഷമാകുന്നു. ബിജെപിയുടെ സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതോടെയാണ് ബിജെപി-ബിഡിജെഎസ് തർക്കം പുതിയ തലങ്ങളിലേക്ക് നീങ്ങിയത്.
ബിഡിജെഎസ് പിന്മാറിയാൽ ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളയ്ക്ക് പഴയ വോട്ട് ലഭിക്കില്ലെന്നും, അദ്ദേഹം മൂന്നാമതാകുമെന്നും വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ പറഞ്ഞു. ചെങ്ങന്നൂരിൽ ത്രികോണ മത്സരമാണെന്നും, ഇനി ബിഡിജെഎസ്-ബിജെപി പ്രശ്നങ്ങൾ പരിഹരിച്ചാലും ശ്രീധരൻപിള്ളയുടെ വിജയസാദ്ധ്യത സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നും നൽകിയില്ല...
എൻഡിഎയിലെ മുഖ്യകക്ഷിയായ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത്. ബിജെപി അവരുടെ മുന്നണിയിലെ ഘടകക്ഷികൾക്ക് ഒന്നും നൽകിയില്ല. 200ലധികം പോസ്റ്റുകൾ ബിജെപി തന്നെയാണ് സ്വന്തമാക്കിയത്. ബിജെപി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ട് നടത്തി. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആരും ശ്രമിച്ചില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രശ്നത്തിൽ ഇടപെട്ടില്ല. ഗത്യന്തരമില്ലാതെയാണ് ബിഡിജെഎസ് സമ്മർദ്ദതന്ത്രത്തിലേക്ക് നീങ്ങിയത്- വെള്ളാപ്പള്ളി പറഞ്ഞു.

എൻഡിഎ വിട്ടുപോകണം...
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം വ്യക്തമായാൽ മാത്രമേ എസ്എൻഡിപി നിലപാട് പ്രഖ്യാപിക്കുകയുള്ളുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ള കാണാൻ വന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് എഴുതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, ഇപ്പോൾ ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണെന്നും, മറ്റൊരിടം കിട്ടിയാൽ എൻഡിഎ വിട്ടുപോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എംവി ഗോവിന്ദൻ....
ബിഡിജെഎസ് വർഗീയ പാർട്ടിയാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ പ്രസ്താവനയെയും വെള്ളാപ്പള്ളി വിമർശിച്ചു. എംവി ഗോവിന്ദന്റെ പ്രസ്താവന അപക്വവും അനവസരത്തിലുമുള്ളതാണ്. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി സജി ചെറിയാനെ തോൽപ്പിക്കാനായി എംവി ഗോവിന്ദൻ മനപൂർവ്വം പറഞ്ഞതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

പുതിയ നീക്കം...
ചേർത്തലയിൽ പത്രസമ്മേളനം വിളിച്ച് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയതോടെ ബിജെപി നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്. ബിഡിജെഎസ് നൽകിയ ഒരു വാണിങ് മാത്രമാണ് വെള്ളാപ്പള്ളിയുടെ വാക്കുകൾ. അതിനാൽ ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് ചെങ്ങന്നൂരിൽ ഐക്യം നിലനിൽത്തണമെന്നും, വിജയിക്കണമെന്നുമാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. അതേസമയം, വെള്ളാപ്പള്ളിക്ക് അമിതപ്രാധാന്യം നൽകുന്നതിൽ ചിലർക്ക് എതിർപ്പുമുണ്ട്.












Click it and Unblock the Notifications