എംടി ഹിമാലയ തുല്യന്‍, കമല്‍ രാജ്യസ്‌നേഹി, ചെഗുവേര ആരാധനാ പാത്രം, ഇതെന്ത് ബിജെപി!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: എംടി, കമല്‍ വിഷയത്തില്‍ സംഘപരിവാര്‍ ആശയങ്ങള്‍ തള്ളി ബിജെപി ദേശീയ നേതാവ് രംഗത്ത്. എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരേ ശക്തമായ വിമര്‍ശനവും വര്‍ഗീയ പരാമര്‍ശവും നടത്തിയ ബിജെപി സംസ്ഥാന നേതാവ് എഎന്‍ രാധാകൃഷ്ണനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളുടെ നിലപാടിനെതിരേ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭനാണ് രംഗത്തെത്തിയത്.

എംടി വാസുദേവന്‍ നായര്‍ ഹിമാലയതുല്യനും സംവിധായകന്‍ കമല്‍ ദേശസ്‌നേഹിയുമാണെന്ന് പത്മനാഭന്‍ പ്രതികരിച്ചു. കമലിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യാന്‍ ബിജെപിക്ക് സാധിക്കില്ല. ചെഗുവേര തന്റെ ആരാധനാ പാത്രമാമെന്നും അദ്ദേഹം കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബിജെപി ജാഥ വഴിമാറി

ബിജെപി മേഖലാ അടിസ്ഥാനത്തില്‍ നടത്തുന്ന കള്ളപ്പണ പ്രചാരണ ജാഥ അതിന്റെ ഉദ്ദേശത്തില്‍ നിന്നു വഴിമാറിയെന്ന് പത്മനാഭന്‍ പറഞ്ഞു. കമല്‍ പാകിസ്താനിലേക്ക് പോവണമെന്ന രാധാകൃഷ്ണന്റെ അഭിപ്രായം വൈകാരികമായ പ്രകടനം മാത്രമാണ്.

കമലിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല

കമലിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. രാജ്യസ്‌നേഹത്തില്‍ അധിഷ്ടിതമാണ് കമലിന്റെ ചിത്രങ്ങള്‍. എല്ലാവരും പാകിസ്താനിലേക്ക് പോവണമെന്ന് പറയുന്നത് ശരിയായ നടപടിയല്ല. പാകിസ്താനിലേക്ക് പോവാന്‍ പറഞ്ഞാല്‍ ഉടനെ പറ്റുന്ന കാര്യമല്ല അത്. അങ്ങനെ ഒരാളോട് പറയാന്‍ ആര്‍ക്കും അധികാരമില്ല.

എംടിക്കെതിരേ സംസാരിക്കാന്‍ അര്‍ഹതയില്ല

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ എതിര്‍ത്ത എംടി വാസുദേവന്‍ നായര്‍ക്കെതിരേ സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അര്‍ഹതയില്ല. നോട്ട് അസാധുവാക്കല്‍ നടപടിയെ തുഗ്ലക്ക് പരിഷ്‌കരണത്തോടാണ് എംടി ഉപമിച്ചത്. അതിന് അദ്ദേഹത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എംടി ഹിമാലയ തുല്യനാണ്. എംടിയെ കല്ലെറിഞ്ഞ് ആത്മസംതൃപ്തി കണ്ടെത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

ചെഗുവേരയെ മാതൃകയാക്കണം

ചെഗുവേരയെ വിമര്‍ശിക്കുന്നവര്‍ ആദ്യം അദ്ദേഹത്തെ കുറിച്ച് പഠിക്കാന്‍ തയ്യാറാവണം. മുന്‍വിധിയോടെയുള്ള വിമര്‍ശനത്തോട് പ്രതികരിക്കുന്നില്ല. ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിച്ചാല്‍ നന്നാവും. അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് യുവാക്കളോട് താന്‍ എപ്പോഴും പറയാറ്. ഗാന്ധിയെ പോലെയാണ് ചെഗുവേരയെന്നും സികെ പത്മനാഭന്‍ പറഞ്ഞു.

കമലിനെ കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞത്

എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നുമാണ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് കമലിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും ദേശീയത അംഗീകരിക്കുന്നില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

ചെഗുവേര അരക്ഷിതാവസ്ഥ സൃഷ്ടിച്ചു

കേരളത്തിലെ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കേരളത്തിലെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്ത് മാറ്റണം. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസയ്ക്കും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേരയെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യം മാറിയത് എംടി അറിഞ്ഞില്ലേ

നോട്ട് നിരോധന വിഷയത്തില്‍ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണുള്ളതെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. രാജ്യം മാറിയത് അദ്ദേഹം അറിഞ്ഞില്ലേ, കാര്യങ്ങള്‍ അറിയാതെയണ് എംടി പ്രതികരിച്ചത്. ടിപി വധത്തിനെതിരേ തൂലിക ചലിപ്പിക്കാത്ത എംടി ആര്‍ക്കോ വേണ്ടിയാണ് സംസാരിക്കുന്നതെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.

അലന്‍സിയറും മുകുന്ദനും

സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ബോധവാനാക്കാന്‍ നടന്‍ അലന്‍സിയര്‍ കാസര്‍കോട് ഏകാംഗ നാടകം അവതരിപ്പിച്ചത് ചര്‍ച്ചയായിരിക്കെയാണ് പത്മനാഭന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് എഴുത്തുകാരന്‍ എം മുകുന്ദനും രംഗത്തുവന്നിട്ടുണ്ട്.

English summary
BJP national exicutive member CK Padmanabhan criticised Party state leaders comments about MT Vasudevan Nair and Director Kamal. He said that MT like himalaya and kamal is patriot, more to be study from Bolivian leader.
Please Wait while comments are loading...