വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം മജീദും രണ്ടത്താണിയും വേണ്ട..!! പകരക്കാരനെ കിട്ടാതെ ലീഗ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: വേങ്ങരയിലെ ജനപ്രതിനിധിനിധിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം വഴി പാര്‍ലമെന്റിലേക്ക് പോയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായി വന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനാര് എന്ന തര്‍ക്കം ലീഗില്‍ മുറുകുന്നു. മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുന്നതില്‍ ലീഗിനകത്തും അണികള്‍ക്കിടയിലും എതിര്‍പ്പ് ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വേങ്ങരയിൽ പകരക്കാരനാര്

മലപ്പുറം ജില്ല മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം കോട്ടയാണ്. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങര ലീഗ് ജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലവുമാണ്. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വന്നതോടെ വേങ്ങരയില്‍ ഇനിയാര് എന്ന ചോദ്യവും ഉയര്‍ന്നു വന്നിരുന്നു. ആദ്യം മുതല്‍ക്കേ സംസ്ഥാന നേതാക്കളുടെ പേരുകളാണ് വേങ്ങരയിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

മുന്നിൽ സംസ്ഥാന നേതാക്കൾ

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മുന്‍ എംഎല്‍എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെഎന്‍എ ഖാദര്‍ എന്നീ നേതാക്കളുടെ പേരുകളാണ് ആദ്യം മുതല്‍ക്കേ പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഈ പേരുകള്‍ക്കെതിരെയും അഭിപ്രായം ഉയരുന്നുണ്ട്.

പഴയമുഖങ്ങൾ വേണ്ട

മുന്‍പ് എംഎല്‍എ സ്ഥാനം വഹിച്ചവര്‍ തന്നെ വീണ്ടും മത്സരരംഗത്തേക്ക് വരുന്നതിനോട് പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുയരുന്നുണ്ട്. അതുകൊണ്ടുതന്നെ വേങ്ങരയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ആരെങ്കിലുമാവണം മത്സരിക്കുന്നതെന്നാണ് അഭിപ്രായം ഉയരുന്നത്.

പുതുമുഖങ്ങൾ വരട്ടെ

സ്ഥിരം മുഖങ്ങള്‍ മാത്രം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് മറ്റു പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു. രണ്ടത്താണിയേയും മജീദിനേയും പോലുള്ളവര്‍ മത്സരിക്കുന്നത് ലീഗിനും മുന്നണിക്കും ഗുണം ചെയ്യുമെന്ന് കരുതുമ്പോഴും പുതുമുഖം വേണമെന്നാണ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം.

യുവതലമുറയ്ക്ക് അവസരം വേണം

കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു പോലെ യുവതലമുറയ്ക്ക് അവസരമൊരുക്കുന്നുണ്ട്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത് ഡിവൈഎഫ്‌ഐയുടെ യുവ നേതാവായ എംബി ഫൈസലായിരുന്നു. എന്നാല്‍ ലീഗില്‍ യുവാക്കള്‍ക്ക് അവസരം കുറവാണെന്ന ആക്ഷേപം നേരത്തെയുണ്ട്.

യൂത്ത് ലീഗിന് പരിഗണനയില്ല

അടുത്ത കാലത്ത് രണ്ടേ രണ്ട് യുവ നേതാക്കളാണ് ലീഗില്‍ നിന്നും കേരള നിയമസഭയിലെത്തിയത്. 40 വയസ്സ് പിന്നിട്ട കെഎം ഷാജിയും എന്‍ ഷംസുദ്ദീനും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പിഎം സാദിഖലിയെ മത്സരിപ്പിച്ചത് ഒട്ടും ജയസാധ്യതയില്ലാത്ത ഗുരുവായൂരിലാണ്.

ഇത്തവണ യൂത്ത് ലീഗിന് വേണം

യുവനേതാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ യൂത്ത് ലീഗില്‍ മുന്‍പ് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു.ഇ അഹമ്മദിന്റെ മരണത്തോടെ മലപ്പുറത്ത് സീറ്റ് ഒഴിവ് വന്നപ്പോള്‍ യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ വേങ്ങരയില്‍ യൂത്ത് ലീഗ് വെറുതെ ഇരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന.

English summary
Muslim League has began discussions over Vengara Byelection
Please Wait while comments are loading...