പ്രധാനമന്ത്രിയുടെ യോഗത്തിൽ പിണറായി പങ്കെടുക്കുന്നില്ല, ലോക്ക്ഡൗണ്‍ നിലപാട് അമിത് ഷായെ അറിയിച്ചു!
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. പകരം കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ യോഗത്തില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരം ഇല്ലാത്ത സാഹചര്യത്തിലാണ് പിണറായി വിജയന്‍ പങ്കെടുക്കാതെ വിട്ട് നില്‍ക്കുന്നത്. അതേസമയം ലോക്ക്ഡൗണ്‍ സംബന്ധിച്ച കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ മതി എന്നാണ് ടെലിഫോണ്‍ സംഭാഷണത്തില്‍ മുഖ്യമന്ത്രി അമിത് ഷായോട് പറഞ്ഞത്.

ഇത് നാലാമത്തെ തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ 9 മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാനുളള അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കാണ് ഇക്കുറി അവസരം. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍ ആയിരിക്കും യോഗത്തില്‍ സംസാരിക്കുക.
മാത്രമല്ല മിസോറാം, മേഘാലയ മുഖ്യമന്ത്രിമാര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കും. രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ നീട്ടണം എന്നാണ് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്ന തീരുമാനം അംഗീകരിക്കും എന്നതാണ് ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് അടക്കമുളള സംസ്ഥാനങ്ങളുടെ നിലപാട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഛത്തീസ്ഗഡ് ആണ്. ലോക്ക്ഡൗണ്‍ കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടക്കമുളള വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. സാമ്പത്തിക പാക്കേജ് അടക്കമുളള വിഷയങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ഉന്നയിക്കും.












Click it and Unblock the Notifications