• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ, എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ. ലോക്ക്ഡൗൺ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണിയുടെ രൂക്ഷതയില്‍ നിന്നും നമ്മള്‍ പതുക്കെ മോചിതരാകുന്ന സാഹചര്യമാണിപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്‍റെ തോതിലും കുറവു വന്നിട്ടുണ്ട്. ആശുപത്രികളിലുള്ള തിരക്കും കുറയുന്ന സ്ഥിതി വിശേഷവുമുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതുകൊണ്ടും ജനങ്ങൾ പൂർണ്ണമായും സഹകരിച്ചതു കൊണ്ടുമാണ് രോഗവ്യാപനം ഈ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചത്. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ മരണ സംഖ്യ കുറച്ചു നിര്‍ത്താനും കേരളത്തിനു കഴിഞ്ഞു. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനുള്ള സ്ഥിതി ഇപ്പോളും സംജാതമായിട്ടില്ല.

കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്. നേരിയ കുറവുണ്ടായി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുന്നുണ്ട്. ടിപിആര്‍ ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്തു ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കലാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

കൂടുതല്‍ രോഗികള്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം. നിയന്ത്രണം കര്‍ക്കശമായി നടപ്പാക്കണം. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ രോഗം ബാധിച്ചവരെ സി എഫ് എല്‍ റ്റി സി കളിലും മറ്റും എത്തിക്കുന്നത്തിന് മികച്ച രീതി നടപ്പാക്കുന്നുണ്ട്. ആ മാതൃക സംസ്ഥാനത്താകെ പിന്തുടരാവുന്നതാണ്. ജൂണ്‍ 16 കഴിഞ്ഞാല്‍ സെക്രട്ടേറിയറ്റിലും മറ്റും സ്വാഭാവികമായി കൂടുതല്‍ ജീവനക്കാര്‍ എത്തെണ്ടിവരും. അതുകൊണ്ട് അവരുടെ വാക്സിനേഷന്‍ ഉറപ്പാക്കും. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റിലെ മുഴുവൻ ജീവനക്കാർക്കും വാക്സിനേഷന് മുന്‍ഗണനല്‍കും.

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് വാക്സിന്‍ കേന്ദ്രം തരുമെന്ന പ്രതീക്ഷയില്‍ നടപടികള്‍ നീക്കുകയാണ്. വാക്സിന്‍ സ്റ്റോക്ക് വെക്കാതെ കൊടുത്ത് തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ മികച്ച നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നൂറ്റിനാല് വയസ്സുകാരി ജാനകിയമ്മ രോഗമുക്തി നേടിയത് ആ മികവിന്‍റെ ഒരുദാഹരണമാണ്. ഐ.സി.യു.വില്‍ ഉള്‍പ്പെടെ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിട്ടത്.

English summary
Complete Lockdown in the state on Saturday and Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X