Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയെങ്കിലും കനിയണം തമിഴ്‌നാടേ.. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക, യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്കയൊഴിയുന്നില്ല. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവും തുടരുകയാണ്. ഇതിനിടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാവെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. അതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉള്‍പ്പെടുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

1

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ ഇടുക്കിയിലും മറ്റും പെയ്ത കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിയായി ഉയര്‍ന്നിരുന്നു. ഇതായിരുന്നു നിലവിലെ ആശങ്കക്ക് പ്രധാന കാരണമായത്. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി ഒത്തുനോക്കിയാല്‍ കാലഹരണപ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും യുഎന്‍ സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കവും നിയമപോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്.അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യത്തോട് തമിഴ്‌നാട് സമ്മതിക്കുന്നില്ലെന്നും 2009ല്‍ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2

നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 1,115 ഡാമുകളുടെ 50 വര്‍ഷ കാലാവധി 2025നകം തീരുമെന്നും. 4,250 ഡാമുകളുടെ കാലാവധി 2050ല്‍ തീരുമെന്നും. 64 ഡാമുകള്‍ 2050ല്‍ 150 വര്‍ഷം പഴക്കമുള്ളതാകുമെന്നും കഴിഞ്ഞ 40 വര്‍ഷമായി ഡാമുകളുടെ നിര്‍മാണം കുറഞ്ഞിട്ടുണ്ടെന്നും യുഎന്‍ സര്‍വകലാശാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1896ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അപകടകരമായ വിധത്തില്‍ ചോര്‍ച്ച ദൃശ്യമായത് 1977ലാണെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്നത്. സുര്‍ക്കി മിശ്രിതം വലിയ തോതില്‍ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായെന്നും, പിന്നീട് തമിഴ്‌നാടിന്റെ എതിര്‍പ്പ് അവഗണിച്ചു കേരളം പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയ്യാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാന്‍ 30 ബോര്‍ഹോളുകള്‍ നിര്‍മിച്ചു സാംപിളുകള്‍ ശേഖരിച്ചിരുന്നുവെന്നും, വെള്ളത്തിലാകുന്ന 50 ഹെക്ടര്‍ സ്ഥലത്തിന്റെ സര്‍വേയും പൂര്‍ത്തീകരിച്ചിരുന്നു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കണ്‍സല്‍റ്റന്‍സിയെ നിയമിച്ചെങ്കിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമപോരാട്ടത്തിനൊടുവില്‍ പഠനം നടത്താന്‍ അനുമതി ലഭിച്ചതോടെ 2019ല്‍ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടര്‍നടപടികളുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

3

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചര്‍ച്ച നടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നുമാണ് തമിഴ്‌നാട് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ തമിഴ്‌നാട് തുക വകയിരുത്തിയിട്ടുണ്ടെന്നും എന്നാല്‍ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇതു കേരളം ലംഘിക്കുന്നതായും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാടിന്റെ അനുമതിക്കായി കേരളം പല തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഡാമിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നേരത്തേ മുഖ്യമന്ത്രിതല ചര്‍ച്ച നടന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തമിഴ്നാട്ടിലെ തേനി, രാമനാഥപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കു കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ഉറപ്പാക്കിയാകും പുതിയ അണക്കെട്ടു നിര്‍മാണമെന്നാണ് ചര്‍ച്ചയില്‍ താരമാനിച്ചിരുന്നത്. ഇതിന് വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ആവശ്യമാണ്.

Recommended Video

cmsvideo
    ജലനിരപ്പ് 137 അടിയിലേക്ക്.. മുല്ലപ്പെരിയാറിൽ ആദ്യ അപകട മുന്നറിയിപ്പ്..ജാഗ്രത
    4

    ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്നതും ആശങ്കയ്ക്ക് വഴിവെക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ വള്ളക്കടവില്‍ 2.3 തീവ്രതയുള്ള ഭൂചലനമാണുണ്ടായിരുന്നത്. . രാത്രി 8.50, 9.02 സമയങ്ങളിലാണ് ഭൂചലനം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇടിമുഴക്കം പോലെ വലിയ ശബ്ദമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങളുടെ ജനല്‍പാളികള്‍ വിറക്കുകയും കതകുകള്‍ ആടിയുലയുകയും പാത്രങ്ങള്‍ നിലത്തു വീഴുകയും ചെയ്തിരുന്നു.അഞ്ച് സെക്കന്റ് നീണ്ടു നിന്ന് ചലനമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം ഉള്‍പ്പെടെ പ്രദേശങ്ങളിലും ഭൂചനമുണ്ടായതായും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കണമെന്ന് പാര്‍ലമെന്ററി സ്ഥിരം സമിതി അടുത്തിടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനു വേണ്ട നടപടികള്‍ ജലശക്തി മന്ത്രാലയം വനം, പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്നു ചെയ്യണമെന്നും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി ആശങ്കകള്‍ മനസ്സിലാക്കുകയും പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കുകയും വേണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ പുതിയഡാമുകള്‍ നിര്‍മ്മിക്കാന്‍ പറ്റാത്ത വിധം പരിസ്ഥിതി ലോബികളുടെ സമ്മര്‍ധമുണ്ടെന്നാണ് കേരള സര്‍ക്കകാരിന്റെ പ്രതിനിധി സമിതിയെ അറിയിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കുന്നതില്‍ സത്യസന്ധമായ ഇടപെടലുകള്‍ നടത്തണമെന്നും സമിതി ജലശക്തിമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+