സഹതാപതരംഗം സൃഷ്ടിച്ച് വോട്ട് നേടുകയെന്ന ഏകതന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്: എംവി ഗോവിന്ദന്‍
കോട്ടയം: സഹതാപതരംഗം സൃഷ്ടിച്ച് പരമാവധി വോട്ട് നേടുകയെന്ന ഏകതന്ത്രമാണ് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലത്തിൽ പയറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മൻചാണ്ടി മരിച്ച് 21-ാം ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ തന്നെ കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. കുടുംബവാഴ്‌ചയെന്നത് ആ പാർടിയിൽ പുതിയ കാര്യമല്ലെന്നും പാർട്ടി സെക്രട്ടറി പറയുന്നു.
കോൺഗ്രസ് അധ്യക്ഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതിയിൽ മൂന്നുപേർ ഒരു കുടുംബത്തിൽ നിന്നാണ്. കേരളത്തിലും ഉദാഹരണങ്ങൾ നിരവധിയാണ്. ജി കാർത്തികേയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനെയും പി ടി തോമസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. പുതുപ്പള്ളിയിലും അതുതന്നെ ആവർത്തിച്ചു.

ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കാൻ കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഹിന്ദുത്വ വർഗീയതയോ അവരുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളോ കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളോ അവർ ചർച്ചയാക്കുന്നില്ല. എന്നാൽ, സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ ഇവർക്ക് ആയിരം നാവാണുതാനും. ബിജെപിയുമായി കൂട്ടുപിടിച്ചായാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തകർന്നാൽ മതിയെന്ന വികാരമാണ് അവർ പ്രകടിപ്പിക്കുന്നത്.
അതിന്റെ പ്രതിഫലനമാണ് പുതുപ്പള്ളി മണ്ഡലത്തിനടുത്തു തന്നെയുള്ള കിടങ്ങൂർ പഞ്ചായത്തിൽ കണ്ടത്. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് നേടിയിരിക്കുകയാണ്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം എതിർക്കപ്പെടേണ്ടതല്ല എന്ന ബോധ്യത്തിൽനിന്നാണ് യുഡിഎഫ് - ബിജെപി സഖ്യം രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ സിപിഐ എമ്മും ഇടതുപക്ഷവും കാണുന്നത് രാഷ്ട്രീയ പോരാട്ടമായാണ്. കേരളത്തിന്റെ മൊത്തം വികസനത്തിനൊപ്പം പുതുപ്പള്ളിയുടെ വികസനവും എൽഡിഎഫ് മണ്ഡലത്തിൽ സജീവ ചർച്ചാവിഷയമാക്കുന്നുണ്ട്. യുഡിഎഫിന്റെ വികസനവിരോധവും അതിന്റെ ഭാഗമായി പുതുപ്പള്ളിയിലെ വികസനമില്ലായ്‌മയും എൽഡിഎഫ് പ്രധാന പ്രചാരണ വിഷയമാക്കുന്നു.
പിണറായി സർക്കാരുകൾ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കുക എന്നതാണ് യുഡിഎഫിന്റെ പ്രധാന അജൻഡ. ദേശീയപാത വികസനം, കെ - റെയിൽ, കെ - ഫോൺ, ഗെയിൽ പൈപ്പ്‌ലൈൻ തുടങ്ങി കേരളത്തിനും കേരളീയർക്കും ഗുണകരമാകുന്ന എല്ലാ പദ്ധതികളെയും എതിർക്കുന്ന നിഷേധാത്മകമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കെ - ഫോൺ ഉൾപ്പെടെ കേരളത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് ഏറെ ഗുണകരമായ പദ്ധതിയുടെ ഉദ്‌ഘാടനചടങ്ങ് ബഹിഷ്‌കരിക്കുകയെന്ന നടപടിപോലും കോൺഗ്രസ് സ്വീകരിച്ചു. വികസനത്തെ അന്ധമായി എതിർക്കുന്ന ഇതുപോലൊരു പ്രതിപക്ഷത്തെ ലോകത്ത് ഒരിടത്തും കാണാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications