ചന്ദ്രകളഭം പശ്ചാത്തലത്തിൽ, മതപരമായ ചടങ്ങുകളില്ല, പിടി തോമസിന് വിട നല്‍കി രാഷ്ട്രീയ കേരളം
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന് വിട നല്‍കി രാഷ്ട്രീയ കേരളം. കൊച്ചി നഗരസഭയുടെ രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം നടത്തിയത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. 'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയുളള സംസ്‌ക്കാര ചടങ്ങുകള്‍. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൃതദേഹത്തില്‍ റീത്തുകളൊന്നും സമര്‍പ്പിച്ചിരുന്നില്ല.
'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം
നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണീരോടെ മുദ്രാവാക്യം മുഴക്കി പ്രിയനേതാവിന് യാത്രാമൊഴി നല്‍കി. തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമായ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ എത്തി. പാലാരിവട്ടത്തെ പിടി തോമസിന്റെ വീട്ടിലും പിന്നീട് എറണാകുളം ഡിസിസി ഓഫീസിലും ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് വിലാപയാത്ര ആയിട്ടാണ് പിടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ട് പോയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ടൗണ്‍ഹാളില്‍ എത്തി പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.. വെല്ലൂരില്‍ നിന്ന് എറണാകുളം വരെ വഴിയരികില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അര്‍ബുദരോഗിയായിരുന്ന പിടി തോമസ് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. രാവിലെ 10.15ന് ആയിരുന്നു മരണം.
ഓട്ടോയില്‍ ഒരു കറക്കം ആയാലോ; പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ആന്‍ അഗസ്റ്റിന്‍
രമേശ് ചെന്നിത്തലയുടെ കുറിപ്പ്: '' പ്രിയപ്പെട്ട പി.ടി തോമസിനെ അവസാനമായി ഒരു നോക്ക് കണ്ട് കണ്ണീരോടെ വിട നൽകി. ആയിരക്കണക്കിന് വരുന്ന കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരുടെയും പൊതു ജനത്തിൻ്റെയും കണ്ണീരിൽ കുതിർന്ന സ്നേഹം ഏറ്റുവാങ്ങി പി.ടി എന്നെന്നേക്കുമായി വിട പറഞ്ഞപ്പോൾ വിങ്ങിപ്പൊട്ടിയത് എൻ്റെയും എന്നെപ്പോലെ പി.ടി യെ സ്നേഹിച്ചിരുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാക്കൾ എല്ലാവരും പി.ടിയുടെ ശരീരത്തിന് ത്രിവർണ്ണപതാക പുതപ്പിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ശ്രീ പി.ടി തോമസ് ൻ്റെ കുടുംബത്തിനും, സ്നേഹിതർക്കും, തൃക്കാക്കരയിലെ വോട്ടർമാർക്കും, കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർക്കും എൻ്റെ അനുശോചനങ്ങൾ ഒരിക്കൽ കൂടി അറിയിച്ചു കൊള്ളട്ടെ. പി.ടി മരിച്ചിട്ടില്ല. നമ്മൾ എല്ലാവരിലും പി.ടി ജീവിക്കുകയാണ്''.