''ആർഎസ്എസിനേയും എസ്ഡിപിഐയും തള്ളിപ്പറയാൻ ബാധ്യതയുള്ള കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിക്കുന്നു''
തിരുവനന്തപുരം: ആർ എസ് എസിനേയും എസ് ഡി പി ഐയേയും പോലെയുള്ള മതതീവ്രവാദ സംഘടനകളെ തള്ളിപ്പറയാൻ ബാധ്യതയുള്ള കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ് ഈ വർഗ്ഗീയ നീക്കങ്ങളെ ശക്തിയുക്തം എതിർക്കുന്നത്. ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താനും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനും നമുക്ക് കഴിയണം, എങ്കിൽ മാത്രമേ നമ്മുടെ നാട്ടിൽ സമാധാനം ഉണ്ടാകുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ആനാവൂർ നാഗപ്പന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
കേരളത്തെ ഒരു വിജ്ഞാന സമ്പദ് ഘടനയുള്ള സംസ്ഥാനമായും വിജ്ഞാനസമൂഹമായും മാറ്റുമെന്ന് 2021 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽഡിഎഫ് വാഗ്ദാനം ചെയ്തപ്പോൾ അവിശ്വസനീയതയോടെ നോക്കിക്കണ്ട ചിലരുണ്ട്. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇന്ന് സൂക്ഷമ പരിശോധന നടത്തിയാൽ ഈ വാഗ്ദാനം 2021 ൽ ഉരുത്തിരിഞ്ഞതല്ല എന്ന് കാണാൻ സാധിക്കും. സിപിഐഎം സംസ്ഥാനസമ്മേളനം അംഗീകരിച്ച നവകേരള വികസന രേഖ അടുത്ത 25 വർഷം കൊണ്ട് നമ്മുടെ നാട് എങ്ങനെ ആയി തീരണം എന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും അടിവരയിട്ട് പറയുന്ന ഒന്നാണ്. അതായത് സിപിഐ എം നും എൽഡിഎഫിനും കേരളത്തിന്റെ വികസന കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളും പരിപാടികളും ഉണ്ട്. ഇന്നിപ്പോ സിൽവർലൈൻ പദ്ധതിയുൾപ്പെടെ ഈ ദിശയിലേക്കുള്ള ചുവട് വയ്പുകളാണ് എന്ന് കാണണം.

ഭാവിതലമുറയെയും അവരുടെ ആവശ്യങ്ങളെയും കണ്ട് കൊണ്ടാണ് പദ്ധതികൾ വിഭാവനം ചെയ്യേണ്ടത്. ലോകോത്തരനിലവാരമുള്ള അധ്വാനശേഷി ലഭ്യമായ ഭൂപ്രദേശമായി നമ്മുടെ നാട് മാറണം, അതായത് ലോകരാജ്യങ്ങളിൽ നമ്മുടെ നാട്ടിലെ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും ഡിമാന്റുണ്ടാകണം, അതിന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങളും വികസനങ്ങളും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകണം. അങ്ങനെ ഉയർന്ന ജീവിതസാഹചര്യങ്ങളും വരുമാനവും നമ്മുടെ കുട്ടികൾക്ക് ലഭിക്കണം, ഇതാണ് കാഴ്ചപ്പാട്.
ഇതൊക്കെ സാധ്യമാകണമെങ്കിൽ അടിസ്ഥാനസൗകര്യവികസനം നടക്കണം. അത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കി തുടങ്ങുകയും ആരോഗ്യ വിദ്യാഭ്യാസ ഗതാഗത മേഖലകളിൽ വലിയ മുന്നേറ്റം നടക്കുകയും ചെയ്തിട്ടുണ്ട്, അത് തുടരുകയുമാണ്. എന്നാൽ അതോടൊപ്പം തന്നെ പ്രധാനമായ ഒന്നാണ് സാമൂഹിക അന്തരീക്ഷത്തിലെ സമാധാനം. മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന ഒരു സമൂഹത്തിന് മേല്പറഞ്ഞ നേട്ടങ്ങൾ സ്വപ്നം പോലും കാണാൻ കഴിയില്ല എന്ന യാഥാർഥ്യം നമ്മുടെ രാജ്യത്ത് തന്നെ കാണാവുന്നതാണ്. കേരളത്തിലും അത്തരം സംഘർഷങ്ങൾക്ക് ഒരുക്കം കൂട്ടുകയാണ് ആർഎസ്എസും എസ് ഡി പി ഐയും പോലെയുള്ള മതതീവ്രവാദ സംഘടനകൾ, ഇത്തരം നീക്കങ്ങളെ തള്ളിപ്പറയാൻ ബാധ്യതയുള്ള കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ് ഈ വർഗ്ഗീയ നീക്കങ്ങളെ ശക്തിയുക്തം എതിർക്കുന്നത്.
ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താനും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനും നമുക്ക് കഴിയണം, എങ്കിൽ മാത്രമേ നമ്മുടെ നാട്ടിൽ സമാധാനം ഉണ്ടാകു, അങ്ങനെ സമാധാനം ഉള്ള നാട്ടിലെ വികസനം നടക്കു, വികസനം നടക്കുമ്പോഴേ നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിതസാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ നമുക്ക് കഴിയു. അതായത് വർഗ്ഗീയതയ്‌ക്കെതിരായ നമ്മുടെ നാടിൻറെ നിലപാട് നമ്മുടെ മക്കളുടെ ഭാവിയ്ക്ക് വേണ്ടിയാണെന്ന ബോധ്യം നമുക്കുണ്ടാകണം. കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള മോഡൽ സാധ്യമായത് അങ്ങനെയൊക്കെയാണ്, അത് കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. അതിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം.












Click it and Unblock the Notifications