ചൗഹാന് കുരുക്ക്; രണ്ടും കൽപ്പിച്ച് കോൺഗ്രസ്!! സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്!!
ഭോപ്പാൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതുവരെ 532 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച രണ്ടാമത്തെ സംസ്ഥാനവും മധ്യപ്രദേശാണ്. 36 പേർക്കാണ് രോഗബാധ മൂലം ജീവഹാനി സംഭവിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമാവുമ്പോഴും പക്ഷേ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സംഗ് ചൗഹന്റ നേതൃത്വത്തിൽ ഒറ്റയാൾ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഭരണ പ്രതിസന്ധി രൂക്ഷമാകുമ്പോഴും മന്ത്രിസഭ വികസനം നടത്താൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതോടെ മധ്യപ്രദേശിൽ അറ്റകൈ നീക്കവുമായി മുൻപോട്ട് നീങ്ങുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയ്ക്ക് കത്തയച്ചു.

മന്ത്രിസഭ വികസനം
കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടങ്ങിയ മാർച്ച് അവസാനത്തോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലേറിയത്. ഭരണത്തിലേറി ദിവസങ്ങൾ കഴിഞ്ഞിട്ടും പക്ഷേ മന്ത്രിസഭ വികസിപ്പിക്കാൻ ചൗഹാൻ തയ്യാറായിട്ടില്ല. കൊവിഡ് പ്രതിസന്ധി മൂലമാണിതെന്നാണ് ബിജെപിയുടെ വിശദീകരണം.

ഭിന്നത രൂക്ഷം
എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് മന്ത്രിസഭ വികസനം വൈകുന്നതിന് കാരണം എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 6 മന്ത്രിമാർ ഉൾപ്പെടെ സിന്ധ്യ പക്ഷത്തുള്ള 22 പേരാണ് കമൽനാഥ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇവരിൽ പകുതിയിൽ അധികം പേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതാണ് സിന്ധ്യ പക്ഷത്തിന്റ ആവശ്യം.

ആരോഗ്യ മന്ത്രിയും
കമൽനാഥ് സർക്കാരിലെ ആരോഗ്യ മന്ത്രിയായ തുൾസി റാമും രാജിവെച്ച് ബിജെപി ക്യാമ്പിൽ എത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തുൾസിയെ ഇഉപമുഖ്യമന്ത്രിയാക്കണമെന്നാണ് സിന്ധ്യ പക്ഷം ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ചരടുവലിച്ച് നേതാക്കൾ
എന്നാൽ മുതിർന്ന ബിജെപി നേതാക്കളെ തഴഞ്ഞാൽ കൂറുമാറിയെത്തിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ അത് വലിയ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുമെന്ന ഭയം ബിജെപിക്കുള്ളിൽ ഉണ്ട്. പ്രത്യേകിച്ച് അമിത് ഷായുടെ ഏറ്റവും അടുത്ത നേതാവായ നരോത്തം മിശ്ര ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രി സ്ഥാനത്തിനായി ചരടുവലികൾ ശക്തമാക്കിയിരിക്കുമ്പോൾ.

ആയുധമാക്കി കോൺഗ്രസ്
ഈ സാഹചര്യത്തിൽ കൊറോണ കാലത്ത് മന്ത്രിസഭ വികസിപ്പിച്ചാൽ നിലവിലെ പ്രതിസന്ധിയെക്കാൾ വലിയ തലവേദനയാകും അതെന്ന് നേതൃത്വം ഭയപ്പെടുന്നു.അതേസമയം ഈ പ്രതിസന്ധി ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കോൺഗ്രസ് കത്തയച്ചു.

രാഷ്ട്രപതിക്ക് കത്തയച്ചു
രാജ്യസഭ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിവേക് ടാങ്കയാണ് കത്തയച്ചത്. സംസ്ഥാനത്തെ 7.5 കോടി വരുന്ന ജനങ്ങളുടെ ക്ഷയെ പരീക്ഷിക്കരുതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചു. ഈ ഘട്ടത്തിൽ ആരോഗ്യമന്ത്രിയെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ടാങ്കേ ആരോപിച്ചു.

വൺമാൻ ഷോ
ചൗഹാന്റെ വൺമാൻ ഷോ ഭരണഘടന വിരുദ്ധമാണ്. സംസ്ഥാനത്ത് ഉടൻ മന്ത്രിസഭ വിപുലീകരണം നടത്തണം. മന്ത്രിസഭ വിപുലീകരിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലേങ്കിൽ ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രം ഇടപെടണം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, ടാങ്കേ കത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. മന്ത്രിസഭ ഇല്ലാത്ത ഒറ്റയാൾ ഭരണമെന്നത് ഭരണഘടന ലംഘനമാണെന്നും ടാങ്കേ പറഞ്ഞു. മന്ത്രിസഭയുടെ അഭാവം എങ്ങനെയാണ് സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാക്കുന്നതെന്നും ടാങ്കേ കത്തിൽ ചൂണ്ടിക്കാട്ടി.

കൊവിഡ് കേസുകൾ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇൻഡോറിനെ കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ഭരണപരമായ തകർച്ചയുടെ ഭീതിയാണ് ഭോപ്പാൽ അനുഭവിക്കുന്നത്. 45 ന് മുകളിൽ ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, കത്തിൽ പറയുന്നു.

ഇടപെടണമെന്ന് സോണിയയും
നേരത്തേ കോവിഡ് -19 നെ നേരിടുന്നതിൽ മധ്യപ്രദേശ് സർക്കാറിന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങൾ ജനങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിക്കാട്ടണമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുൻ മുഖ്യമന്ത്രി കമൽനാഥിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ നീക്കം.












Click it and Unblock the Notifications