ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം; പത്തനംതിട്ടയില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. മെഡിക്കല്‍ ഓഫീസറുടേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കേസില്‍ പൊലീസ് മൊഴി തിരുത്തിയെഴുതിനെതിരെ പെണ്‍കുട്ടി സമരം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് നല്‍കി എസ്പി ഉത്തരവിട്ടതിന് ശേഷമാണ് പെണ്‍കുട്ടി നിരാഹാരം അവസാനിപ്പിച്ചത്.

ക്വാറന്റൈനിലായിരുന്ന പെണ്‍കുട്ടി വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇത് ലംഘിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് പെണ്‍കുട്ടി പുറത്തിറങ്ങി പ്രതിഷേധിച്ചത്. വീട് ആക്രമിച്ച പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇവര്‍ക്കെതിരെ പാര്‍്ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് നടപടി. തണ്ണിത്തോട് സ്വദേശികളായിരുന്ന രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കോയമ്പത്തൂരിലെ കോളെജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവര്‍ക്കും വീട്ടുകാര്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. കുട്ടിയുടെ പിതാവിന് നേരെ വധഭീഷണി വരെ ഉണ്ടായിരുന്നു. പിന്നാലെ ഇവര്‍ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റവാളികള്‍ക്കെതിരെ ദയാ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അവര്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്നത് പ്രശ്നമല്ല അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications