സംഘർഷത്തിന് അയവില്ലാതെ തലസ്ഥാനം;സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു,പിന്നിൽ ബിജെപി?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സംഘർഷത്തിന് അയവില്ല. വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച അക്രമങ്ങൾക്ക് വെള്ളിയാഴ്ച പകൽ അൽപം ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി കാട്ടാക്കടയിലാണ് വീണ്ടും അക്രമമുണ്ടായത്.

കാട്ടാക്കടയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അക്രമമുണ്ടായത്. കല്ലുകളും മാരകായുധങ്ങളുമായെത്തിയ പത്തംഗ സംഘം ടോമിയുടെ വീടിന്റെ ജനൽ ചില്ലുകളും വാതിലുകളും അടിച്ചുതകർത്തു.

trivandrumattack

ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. ബിജെപി-ആർഎസ്എസ് ക്രിമിനലുകളാണ് കാട്ടാക്കട ബ്രാഞ്ച് സെക്രട്ടറി ടോമിയുടെ വീട് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ജില്ലയിലെ പാർട്ടി ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും പോലീസ് സുരക്ഷ ശക്തമായിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ആറ്റുകാൽ, മണക്കാട് മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സിപിഎം-ബിജെപി സംഘർഷമാണ് പിന്നീട് നഗരത്തിലേക്കും വ്യാപിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയെല്ലാം അക്രമികൾ അടിച്ചുതകർത്തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സംഘം നഗരത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary
cpim bjp clash continues in trivandrum, cpm branch secretary's home attacked.
Please Wait while comments are loading...