ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും ബിജെപിയുമില്ല; വിമർശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം; അടിക്കടി ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചൂഷകവര്‍ഗത്തിന്റെ പ്രതിനിധികളായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. പ്രെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അമിത നികുതി ഈടാക്കി ജനങ്ങളെ പീഡിപ്പിക്കുന്ന ഇന്ത്യയിലേത് പോലെയുള്ള ഭരണകൂടം ലോകത്ത് എവിടെയുമില്ല. ഒരു മുതലാളിത്ത സര്‍ക്കാരും ഇതുപോലെ നികുതി ഈടാക്കി ജനങ്ങളെ പിഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്നതാണ് പ്രെട്രോളിയം ഉത്പ്പന്നങ്ങളുടെ മേലുള്ള അമിത നികുതി. മോദിയും പിണറായിയും ജനങ്ങളുടെ ദു:ഖം തിരിച്ചറിയുന്നില്ല. രണ്ടു പേരും സഞ്ചരിക്കുന്നത് മുതലാളിത്ത പാതയിലാണ്. വര്‍ധിപ്പിച്ച ഇന്ധനവിലയുടെ നികുതി ഉപേക്ഷിച്ച വകയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 619 കോടിരൂപയുടെയും യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയ വഴിയില്‍ 1,25000 കോടിരൂപയുടെയും ആശ്വാസ സഹായമാണ് ജനങ്ങള്‍ക്ക് നല്‍കിയത്.
അടുത്തകാലത്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായി രണ്ടു ശതമാനം മൂല്യവര്‍ധിത നികുതി കുറയ്ക്കുകയും ചെയ്തു.ഇതേ മാതൃക പിന്തുടരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുമോ?
തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കി.കുടുംബ ബജറ്റ് താളംതെറ്റി. പലചരക്ക്,പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്. വിലക്കയറ്റം കൂടുതലും ബാധിക്കുന്നത് സാധാരണക്കാരെയാണ്.
കൃഷിക്കാര്‍, മത്സ്യബന്ധനത്തൊഴിലാളികള്‍, മോട്ടോര്‍-ടാക്‌സിത്തൊഴിലാളികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന സിപിഎമ്മും മുഖ്യമന്ത്രിയും വര്‍ധിപ്പിച്ച ഇന്ധനവിലയുടെ അധിക നികുതിയെങ്കിലും ഉപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല.
പ്രെട്രോളിയം ഉത്പന്നങ്ങളുടെ അടിസ്ഥാനവിലയുടെ മൂന്നിരട്ടി നികുതിയാണ് സര്‍ക്കാരുകള്‍ ചുമത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 33 പൈസയാണ്. പ്രതിമാസം 750 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇന്ധന വില്‍പ്പന നികുതിയില്‍ നിന്ന് കേരളത്തിന് ലഭിക്കുന്നത്. അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാന്‍ പോലും കേരള മുഖ്യമന്ത്രി തയ്യാറാകുന്നില്ല. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും ഇപ്പോള്‍ കാണാനില്ല. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ ഇപ്പോള്‍ സിപിഎമ്മും ബിജെപിയും തയ്യാറല്ല.
രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് സുപ്രീം കോടതി
'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'