കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച, കരിനിയമങ്ങൾ നടപ്പിലാക്കിയ കോൺഗ്രസ്, വിമർശനവുമായി പി രാജീവ്

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി നടപ്പിലാക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് പി രാജീവ്. നിയമത്തിന്റെ ദുരുപയോഗ സാധ്യതകൾ ലക്ഷ്യത്തെ ദുർബലപ്പെടുത്തുമോയെന്ന ആശങ്കകളെ അതിവേഗത്തിൽ ഉൾക്കൊള്ളാനും തീരുമാനമെടുക്കാനും സർക്കാരിനു കഴിഞ്ഞുവെന്ന് പി രാജീവ് പ്രതികരിച്ചു. ജനാധിപത്യ ബോധത്തിൻ്റെ പ്രയോഗമാണ് കണ്ടതെന്നും പി രാജീവ് പ്രശംസിച്ചു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പോലിസ് നിയമ ഭേദഗതി നടപ്പിലാക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉയർന്ന ജനാധിപത്യ ബോധത്തിൻ്റെ പ്രയോഗമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഉയരുന്ന വ്യക്തിഹത്യ എല്ലാ പരിധിയും വിടുന്ന സാഹചര്യത്തിൽ പുതിയ നിയമനിർമ്മാണം വേണമെന്ന ഹൈക്കോടതിയും മാധ്യമങ്ങളും ഉൾപ്പെടെ ആവശ്യപ്പെട്ട സന്ദർഭത്തിലാണ് അടിയന്താവശ്യമെന്ന നിലയിൽ ഈ നിയമ ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കുന്നത് . സർക്കാരിൻ്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിച്ച കൊണ്ടു തന്നെ വ്യത്യസ്ത തലങ്ങളിൽ നിന്നും ആശങ്കകൾ ഉയർന്നു വന്നു. ദുരുപയോഗ സാധ്യതകൾ ലക്ഷ്യത്തെ ദുർബലപ്പെടുത്തുമോയെന്ന ആശങ്കകളെ അതിവേഗത്തിൽ ഉൾക്കൊള്ളാനും തീരുമാനമെടുക്കാനും സർക്കാരിനു കഴിഞ്ഞു.

pr

ഐ ടി ആക്ടിലെ 66 A റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെണ്ടിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ സഭ പൊതുവെ അതിനെ പിന്തുണച്ചെങ്കിലും പുന:പരിശോധനക്ക് കോൺഗ്രസ് സർക്കാർ തയ്യാറായില്ല. അന്നത്തെ മന്ത്രി കപിൽ സിബൽ ശക്തമായി ഈ വകുപ്പിനെ ന്യായീകരിക്കുകയാണ് ചെയ്തത്. അന്ന് പാർലമെണ്ടിൻ്റെ വികാരം കണക്കിലെടുക്കാൻ കോൺഗ്രസ്സ് തയ്യാറായിരുന്നെങ്കിൽ സുപ്രീം കോടതിക്ക് ഇടപ്പെടേണ്ടി വരില്ലായിരുന്നു. ജനാധിപത്യ വേദികളുടെ അഭിപ്രായത്തെ പോലും സാങ്കേതിക ഭൂരിപക്ഷത്തിൻ്റെ പേരിൽ തള്ളിക്കളഞ്ഞ ഏകാധിപത്യ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

സുപ്രീം കോടതി റദ്ദാക്കിയ 118 ഡി യും കേരളത്തിലെ യു ഡി എഫ് സർക്കാരിൻ്റെ ഉൽപ്പന്നമായിരുന്നു. എല്ലാ കോടതികളിലും ശക്തമായി ഇതിനെ പിന്തുണക്കുകയായിരുന്നു യു ഡി എഫ് സർക്കാർ. അന്നത്തെ അഭ്യന്തര മന്ത്രി ചെന്നിത്തല ഉൾപ്പെടെ ഇതിൻ്റെ ശക്തരായ വക്താക്കളായിരുന്നു. ഒടുവിൽ സുപ്രീം കോടതി വേണ്ടിവന്നു അതും റദ്ദാക്കാൻ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച, ടാഡയും ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നടപ്പിലാക്കിയ കോൺഗ്രസ്സിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എല്ലാ ഡിജിറ്റൽ സംവിധാനങ്ങളേയും സർക്കാർ നിയന്ത്രണത്തിലാക്കുന്ന കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയുടെ വിമർശനവും ജനം തിരിച്ചറിയും. അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യ പ്രഖ്യാപനം പരിഹാസ്യമാണ്. എന്നാൽ, ഇടതുപക്ഷം എക്കാലത്തും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊണ്ടിട്ടുള്ളത്. ഭരണഘടനയിലെ മൗലികാവകാശങ്ങൾ പോലും പോലീസ് കോൺസ്റ്റബിളിൻ്റെ കണ്ണോടെയാണെന്ന വിമർശനമാണ് ഭരണഘടന അസംബ്ലിയിലെ കമ്യൂണിസ്റ്റ് അംഗമായ സോമനാഥ് ലാഹരി ഉയർത്തിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നിയമനിർമ്മാണങ്ങൾക്കും ചട്ടഭേദഗതികൾക്കും എതിരെ എക്കാലത്തും ശക്തമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. അതിനു വേണ്ടി ഏതു ത്യാഗവും ഏറ്റുവാങ്ങാൻ മടിയില്ലാത്തവരാണ് ഇടതുപക്ഷം. അടിയന്തരാവസ്ഥക്കെതിരെ കൊടിയ മർദ്ദനവു ജയിൽവാസവും ഏറ്റുവാങ്ങിയ പിണറായി ഉൾപ്പെടെയുള്ളവർ ജനാധിപത്യ അവകാശങ്ങളുടെ മുന്നണി പോരാളികളാണ്. ഈ ചരിത്രത്തിൻ്റെ പിൻബലവും നിലപാടുകളിലെ സ്ഥൈര്യവുമാണ് ഈ ഭേദഗതി നടപ്പിലാക്കില്ലെന്നും ജനാധിപത്യപരമായ ചർച്ചകളിലൂടെ ഉയർന്ന ആശങ്കകളെ പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്ന പ്രഖ്യാപനത്തിന് താമസമില്ലാതാക്കിയത് .. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പുവരുത്തി, വ്യക്തിഹത്യയും അപവാദ പ്രചാരവേലയും അവസാനിപ്പിക്കാൻ കഴിയുന്ന സമഗ്രമായ നിയമനിർമ്മാണത്തിനുള്ള വഴിയൊരുക്കലാണ് സർക്കാർ ചെയ്തിരിക്കുന്നത്.

English summary
CPM leader P Rajeev slams Congress and BJP over criticism on Police Act Amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X