3 ജില്ലകളിൽ തർക്കം.. 11 ജില്ലകളിൽ ഒറ്റപ്പേര്; അടിമുടി സർപ്രൈസുമായി കോൺഗ്രസ് ഡിസിസി സാധ്യത പട്ടിക
തിരുവനന്തപുരം; കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനുള്ള നടപടികൾക്കും ചർച്ചകൾക്കും വേഗം കൂട്ടി ഹൈക്കമാന്റ്. കെപസിസി നേതൃത്വം സമർപ്പിച്ച പട്ടികയിൽ ചർച്ച പുരോഗമിക്കുകയാണ്. നിലവിൽ പട്ടിക സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകൾ പരാതികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതിനൊന്നും ചെവികൊടുക്കാത്ത അധ്യക്ഷൻമാരെ വേഗത്തിൽ പ്രഖ്യാപിക്കാനാണ് നിലവിൽ ഹൈക്കമാന്റ് ആലോചിക്കുന്നത്. മൂന്ന് ജില്ലകളിലാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്.
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്

ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാനത്തെ ഗ്ഗൂപ്പ് നേതൃത്വങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പ് ഇത്തവണ അനുവദിക്കില്ലെന്ന് കെ സുധാകരൻ തുടക്കത്തിൽ തന്നെ വ്ക്തമാക്കിയതാണ്. നേതാക്കളും ഇത് അംഗീകരിച്ചിരുന്നു.എന്നാൽ അവസാന ഘട്ടത്തിൽ നേതൃത്വത്തെ കുഴപ്പിച്ച് ഗ്രൂപ്പ് നോമിനികളെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടികയാണ് ഇരു ഗ്രൂപ്പുകളും കൈമാറിയത്.

തർക്കം രൂക്ഷമായതോടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുമുമ്പ് വീണ്ടും ചർച്ച നടത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക സുധാകരൻ ഹൈക്കമാന്റിന് കൈമാറി. ഇതോടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു. സുധാകരൻ ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് നേതാക്കൾ ഉയർത്തിയ ആക്ഷേപം.

ഡിസിസി പ്രസിഡന്റുമാരിൽ 8:6 അനുപാതമാണ് എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. രാഹുൽ ഗാന്ധിക്ക് കൈമാറിയ പട്ടികയിൽ ഇത് പരിഗണിക്കപ്പെട്ടില്ലെന്നാണ് നേതാക്കൾ വിമർശനം ഉയർത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. പല ജില്ലകളിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും നൽകിയ നിർദ്ദേശങ്ങളാണ് സ്വീകരിക്കപ്പെട്ടതെന്നും ഇവർ കുറ്റപ്പെടുത്തി.
കെപിസിസി വൈസ് പ്രസിഡന്റുമാരായ ടി സിദ്ധിഖിന്റേയും കൊടുക്കുന്നിലിന്റേയും നിർദ്ദേശങ്ങൾ പോലും സ്വീകരിച്ചപ്പോൾ തങ്ങളെ പാടെ തഴയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഇവർ പരാതിപ്പെട്ടു. തങ്ങളുടെ കുത്തക ജില്ലകളായ കോട്ടയത്തും ആലപ്പുഴയിലും പോലും പട്ടികയിൽ കടന്ന് കൂടിയത് വേണുഗോപാലിന്റേയും വിഡി സതീശന്റേയും ഇഷ്ടക്കാരാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

പുതിയ നേതൃത്വം മുതിർന്ന നേതാക്കളുടെ ചിറകരിയാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തീരുമാനിച്ചപ്പോൾ തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരമാണ് നേതാക്കൾക്ക് ഉള്ളത്. നേരത്തേ തന്നെ ചർച്ചകളിൽ നിന്നും തങ്ങളെ മാറ്റി നിർത്തുന്നതായുള്ള പരാതികളും നേതാക്കൾ ഉയർത്തിയിരുന്നു. ഹൈക്കമാന്റിന് ഇത് സംബന്ധിച്ച് ചെന്നിത്തല പരാതി കത്ത് അയക്കുകയും ചെയ്തിരുന്നു. അതേസമയം നേതാക്കളുടെ ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണത്രേ ഹൈക്കമാന്റ് നിലപാട്.

നേരത്തേ ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ഹൈക്കമാന്റ് ഇടപെട്ട് അനുനയിപ്പിച്ചേക്കും എന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരേയും അത്തരത്തിലുള്ള നീക്കങ്ങളൊന്നും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല പരാതി ഉന്നയിച്ച മുതിർന്ന നേതാക്കളെ കെപിസിസി നേൃത്വവും ബന്ധപ്പെട്ടിട്ടില്ല. അതേസമയം ഗ്രൂപ്പ് അതീതമായി തന്നെയായിരിക്കണം നിയമനമെന്നും കാര്യശേഷിയ്ക്ക് മുൻഗണന നൽകണമെന്നുമാണ് ദേശീയ നേതൃത്വം ആവർത്തിക്കുന്നതെന്നാമ് വിവരം. ഇതോടെ മിക്ക ജില്ലകളിലും പരമ്പരാഗത ഗ്രൂപ്പ് പ്രതിനിധികൾക്ക് അവസരം നഷ്ടമായിട്ടുണ്ടെന്നും വാർത്തകൾ ഉണ്ട്.

നിലവിൽ 11 ജില്ലകളിലും ഒറ്റ പേരുകളിലേക്ക് പട്ടിക ചുരുങ്ങി. 3 ജില്ലകളിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ഇതിൽ തൃശ്ശൂരും പാലക്കാടും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
ഈ രണ്ട് ജില്ലകളിലും 3 പേരുകൾ വീതമാണ് ചർച്ചയാകുന്നത്. ജോസ് വള്ളൂർ, ടിവി ചന്ദ്രമോഹൻ , അനിൽ അക്കര എന്നീ പേരുകളാണ് തൃശ്ശൂരിൽ ഉയരുന്നത്. ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത് ചന്ദ്രമോഹന്റെ പേരിനാണ്. എന്നാൽ ജോസ് വള്ളൂരിന് വേണ്ടി സാക്ഷാൽ കെപിസി അധ്യക്ഷൻ തന്നെ രംഗത്തുണ്ട്.

അതേസമയം പാലക്കാട് എവി ഗോപിനാഥ്, വിടി ബൽറാം, എ തങ്കപ്പൻ എന്നിവരുടെ പേരിലാണ് തർക്കം മുറുകുന്നത്. എവി ഗോപിനാഥിനായി കെ സുധാകരൻ രംഗത്തുണ്ട്. എന്നാൽ പാലക്കാട് എംപിയും മുൻ ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠൻ ഉൾപ്പെടെ ഗോപിനാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ഗോപിനാഥനെ ഒഴിവാക്കിയാൽ വിടി ബൽറാമിനാണ് സാധ്യത കൂടുതൽ. യുവ നേതാവായ വിടി അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മാറ്റി നിർത്താൻ ഹൈക്കമാന്റ് നേതൃത്വം നിർദ്ദേശിച്ചാൽ വിടിക്ക് അവസരം ലഭിച്ചേക്കില്ല. എന്നാൽ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിടിയെ പോലൊരു നേതാവിന് ഇളവ് നൽകിയേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം ചില ജില്ലകളിൽ അപ്രതീക്ഷിത പേരുകളും അവസാന നിമിഷം ഉണ്ടായേക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ഇനി പേരുകൾ നിർദ്ദേശിക്കാൻ ഇല്ലെന്ന നിസഹകരണ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.അതേസമയം അത്തരമൊരു നിലപാട് സ്വീകരിച്ചാൽ അത് കെപിസിസി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതിൽ തന്നെ ഗ്രൂപ്പ് തലത്തിൽ അതൃപ്തി ശക്തമായിരുന്നു. ഡിസിസി തലത്തിലും അത്തരത്തിലുള്ള അതൃപ്തികൾ ഉയർന്നാൽ താഴെതട്ടില്‍ സംഘടനയെ ചലിപ്പിക്കുയെന്നത് കോൺഗ്രസ് നേതൃത്വത്തിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും.

അതേസമയം ഇപ്പോൾ ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപങ്ങൾ പട്ടിക പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുമെന്നാണ് ഹൈക്കമാന്റിന്റെ അവകാശവാദം. ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും അർഹരായവരെ തന്നെ ഉൾപ്പെടുത്തിയുമാണ് ചർച്ച പുരോഗമിക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ പട്ടിക പ്രഖ്യാപിക്കുമ്പോൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിലും പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്‌സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications