ഡല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു: രൂക്ഷവിമർശനവുമായി പിണറായി വിജയന്‍
ഡല്‍ഹി: ഓശാന ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം വ്യക്തമാക്കാതെയാണ് ഡല്‍ഹി പൊലീസ് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
'ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിന് ഒട്ടും ചേർന്നതല്ല.' മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഓള്‍ഡ് ഡല്‍ഹിയിലെ പ്രധാന ആരാധന കേന്ദ്രമായ സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചതോടെ പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദേവാലയം കൂടിയാണ് സേക്രഡ് ഹാര്‍ട്ട്.
കാരണം വ്യക്തമാക്കാതെയാണ് ഡല്‍ഹി പൊലീസ് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതെന്നും ഡൽഹി ആർച്ച് ബിഷപ്പിന്റെ ഓഫിസ് അറിയിച്ചു. 'ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ, പ്രദക്ഷിണം റദ്ദാക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് 2.30ന് കത്തീഡ്രൽ വളപ്പിൽ കുരിശിന്റെ വഴി സംഘടിപ്പിക്കും. എല്ലാവരെയും കത്തീഡ്രലിലേക്ക് ക്ഷണിക്കുന്നു' - ഡൽഹി ആർച്ച് ബിഷപ്പ് അറിയിച്ചു.
വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കുന്നു. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റുവെന്നാണ് വിശ്വാസം. ഇതിന്റെ ഓർമ്മയിലാണ് കുരുത്തോലയും ഏന്തിയുള്ള പ്രദക്ഷിണം. വലിയ ആഴ്ചയുടെ പ്രവേശനകവാടമെന്നും ഓശാന ഞായർ അറിയപ്പെടുന്നത്. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.












Click it and Unblock the Notifications