അബ്ദുള്ളക്കുട്ടിയെ ബിജെപി മലപ്പുറത്ത് 'ഒതുക്കിയതോ'? ബിജെപിയ്ക്കുള്ളില്‍ സംഭവിച്ചതെന്ത്...
മലപ്പുറം: കേരളത്തിലെ ബിജെപി നേതാക്കളില്‍ മറ്റാര്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ ഉള്ള നേതാവാണ് എപി അബ്ദുള്ളക്കുട്ടി. അതുകൊണ്ടൊക്കെ തന്നെ ആയിരിക്കാം, പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് മാസങ്ങള്‍ക്കകം അദ്ദേഹത്തെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചതും.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ എപി അബ്ദുള്ളക്കുട്ടി മത്സരിച്ചേക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില ധാരണകളും ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ വിജയസാധ്യത ലവലേശമില്ലാത്ത മലപ്പുറം ഉപതിരഞ്ഞെടുപ്പിലാണ് അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. എന്താണ് ഇതിന് പിന്നില്‍....
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

അപൂര്‍വ്വ നേതാവ്
കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് എപി അബ്ദുള്ളക്കുട്ടി ഒരു അപൂര്‍വ്വ നേതാവാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയവരും സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ എത്തിയവരും എണ്ണത്തില്‍ കുറച്ചുണ്ട്. എന്നാല്‍ സിപിഎമ്മിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ച് പരിചയമുള്ള ബിജെപി നേതാക്കള്‍ അബ്ദുള്ളക്കുട്ടിയല്ലാതെ മറ്റാരുമില്ലെന്ന് ഉറപ്പിച്ച് പറയാം.

മറ്റൊരു അപൂര്‍വ്വത
കേരളത്തിലെ ബിജെപി നേതാക്കളില്‍ നിയമസഭ/ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ ആരൊക്കെയുണ്ട്. ബിജെപിയുടെ ടിക്കറ്റില്‍ വിജയിച്ച ഒരേയൊരു ആളേ ഉള്ളു. അത് ഒ രാജഗോപാലാണ്. എന്നാല്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുള്ള ഒരൊറ്റ നേതാവേ ഉള്ളൂ. അതും എപി അബ്ദുള്ളക്കുട്ടിയാണ്.

പ്രതീക്ഷിച്ചത്
ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയെ വിജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ തന്നെ ഇത്തവണ മത്സരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ബിജെപിയ്ക്ക് നിര്‍ണായക സ്വാധീനമുള്ള, മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ കാസര്‍ഗോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരള ബിജെപിയുടെ നീക്കം
എന്നാല്‍ എപി അബ്ദുള്ളക്കുട്ടിയെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ തവണ സികെ പത്മനാഭന്‍ 32,702 വോട്ടുകള്‍ നേടിയ മണ്ഡലം ആണിത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
അതിനിടെയാണ് അബ്ദുള്ളക്കുട്ടിയെ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ചില ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എന്നാണ് സൂചന. സ്വാഭാവികമായും കേന്ദ്ര തീരുമാനത്തിന് അബ്ദുള്ളക്കുട്ടി വഴങ്ങുകയും ചെയ്തു.

വിജയസാധ്യതയില്ലാത്ത മണ്ഡലം
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒരു വിജയ സാധ്യതയും ഇല്ലാത്ത മണ്ഡലം ആണ് മലപ്പുറം ലോക്‌സഭ മണ്ഡലം. ഒരു തിരഞ്ഞെടുപ്പിലും പത്ത് ശതമാനം വോട്ട് പോലും ബിജെപിയ്ക്ക് ഇവിടെ നേടാന്‍ സാധിച്ചിട്ടില്ല. ഒരു ലക്ഷം വോട്ടുകള്‍ പോലും നേടാനും ആയിട്ടില്ല. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 82,332 വോട്ടുകള്‍ മാത്രമായിരുന്നു.

രാഷ്ട്രീയ ലക്ഷ്യം
എന്നാല്‍ അബ്ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്ന വിജയസാധ്യത നോക്കിയിട്ടല്ല എന്നതാണ് ബിജെപിയുടെ വിശദീകരണം. അബ്ദുള്ളക്കുട്ടിയുടെ വരവോടെ മണ്ഡലത്തില്‍ പാര്‍ട്ടിയ്ക്ക് കൂടുതല്‍ പ്രാതിനിധ്യവും ശ്രദ്ധയും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ, അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അത് എങ്ങനെ ആയിരിക്കും പ്രതിഫലിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഒതുക്കിയതാണോ?
മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുവഴി അബ്ദുള്ളക്കുട്ടിയെ ബിജെപി ഒതുക്കിയതാണോ എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്. വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ചാല്‍ അബ്ദുള്ളക്കുട്ടി വീണ്ടും 'അത്ഭുതക്കുട്ടി' ആയി മാറിയേക്കുമെന്നത് ബിജെപിയിലെ ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന്
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് അബ്ദുള്ളക്കുട്ടി തന്നെ പലതവണ വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ, പാര്‍ട്ടി തീരുമാനം മറിച്ചാണ് വന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയ്ക്കുള്ള സ്വീകാര്യത വര്‍ദ്ധിച്ചുവരികയാണെന്നതിന് മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് തെളിവാകുമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്.

ഒറ്റ തോല്‍വി
1994 ല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ച് തുടങ്ങിയതാണ് അബ്ദുള്ളക്കുട്ടി. 1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. 2004 ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസ് ലാവണത്തിലെത്തിയ അബ്ദുള്ളക്കുട്ടി 2009 ലെ കണ്ണൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 2011 ല്‍ വീണ്ടും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2016 ല്‍ തലശ്ശേരി മണ്ഡലത്തില്‍ സിപിഎമ്മിന്റെ എഎന്‍ ഷംസീറിനോട് പരാജയപ്പെട്ടു. അബ്ദുള്ളക്കുട്ടിയുടെ ആദ്യ പരാജയം ആയിരുന്നു അത്.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications