ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ദിലീപ്;ബാലചന്ദ്രകുമാറിനെ വിളിപ്പിച്ച് അന്വേഷണ സംഘം..നിർണായകം
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ തുടർച്ചയായ രണ്ടാം ദിവസവും നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങളിൽ നിന്നും ദിലീപ് ഒഴിഞ്ഞ് മാറുകയാണെന്നും വ്യക്തമായ ഉത്തരങ്ങൾ നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.
അതിനിടെ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിശദമായി വായിക്കാം

എ ഡി ജി പി എസ്.ശ്രീജിത്ത്, എസ് പി എം ജെ സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു എം.പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ചോദ്യം ചെയ്യുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൻറേയും ആരോപണങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ദിലീപ് തന്റെ വസതിയായ പത്മസരോവരത്തിൽ വെച്ച് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കണ്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. ഇക്കാര്യങ്ങളാണ് ദിലീപിൽ നിന്നും അന്വേഷണ സംഘം തേടുന്നത്.

ഇതുകൂടാതെ ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളും ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസൻ ഉൾപ്പെടെയുള്ളവരുടെ മൊഴി സംബന്ധിച്ചുമെല്ലാമാണ് അന്വേഷണ സംഘങ്ങൾ വിവരങ്ങൾ തേടുന്നത്. എന്നാൽ ഒന്നാം ദിവസത്തിലെ ചോദ്യം ചെയ്യലിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം ദിലീപ് തള്ളിക്കളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്. പണം തട്ടിയെടുക്കാൻ ബാലചന്ദ്രകുമാർ ഒരുക്കിയ ബ്ലാക്ക് മെയിലിൽ താൻ വീഴാതിരുന്നതിനാലാണ് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചതെന്നായിരുന്നു ദിലീപ് പറഞ്ഞത്. ബാലചന്ദ്രകുമാറിനെ മുന്നിൽ നിർത്തി തനിക്കെതിരെ ചിലർ കളിക്കുകയാണെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചത്രേ.

അതേസമയം പല ചോദ്യങ്ങളോടും ദിലീപ് പ്രതികരിച്ചില്ലെന്നും ചോദ്യങ്ങളിൽ നിന്നും ദിലീപ് ഒഴിഞ്ഞുമാറുകയാണെന്നുമുള്ള റിപ്പോർട്ടുകളും റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബാലചന്ദ്രകുമാറിനേയും ദിലീപിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നതെന്നാണ് വിവരം.

ആദ്യം ബാലചന്ദ്രകുമാറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇതിന് ശേഷമായിരിക്കും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കുക. ഇതാദ്യമായാണ് ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ ഓഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായി ഇരുവരേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

അതിനിടെ കേസിലെ രഹസ്യമൊഴികളിൽ പറയുന്ന വി ഐ പിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ആണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്ത് ആണ് കേസിലെ വി ഐ പിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയത് വി ഐ പിയാണെന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ശരത് തന്നെയാണ് വി ഐ പിയെന്ന് ബാലചന്ദ്രകുമാർ പിന്നീട് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.












Click it and Unblock the Notifications