ദിലീപുമായി സാമ്പത്തിക ഇടപാട്, അടുത്ത ബന്ധം: തെളിവുമായി പ്രോസിക്യൂഷന്‍, അമിക്കസ് ക്യൂറിയെ മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ച പ്രമുഖ അഭിഭാഷകന്‍ രഞ്ജിത് മാരാർക്കെതിരെ പ്രോസിക്യൂഷന്‍. കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് രഞ്ജിത് മാരാർക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന സംഭവത്തിൽ, നടിയുടെ ആവശ്യപ്രകാരമായിരുന്നു കോടതിയെ സഹായിക്കാനായി അഡ്വ. രഞ്ജിത് മാരാരെ ഹൈക്കോടതി നിയമിച്ചത്. കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തിൽ മാർഗനിർദേശങ്ങള്‍ സ്വരൂപിക്കുന്നതിനായിട്ടായിരുന്നു ഹൈകോടതി അമിക്കസ് ക്യൂറിയുടെ സാധ്യത ഉപയോഗിച്ചത്.

എന്നാല്‍ ദിലീപുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രഞ്ജിത് മാരാറെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപുമായുള്ള സാമ്പത്തിക രേഖകളും പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും രഞ്ജിത് മാരാറെ ഒഴിവാക്കാനുള്ള തീരുമാനമുണ്ടായത്. തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് രഞ്ജിത് മാരാറും ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉള്‍പ്പെടേയുള്ള കക്ഷികളുടെ അഭിപ്രായം തേടിയായിരുന്നു രഞ്ജിത് മാരാരുടെ നിയമനം.കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ള മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെയാണ് ഇദ്ദേഹവും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ രംഗത്ത് വന്നത്. അന്വേഷണത്തിനിടയിൽ ലഭിച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിച്ചതെന്നാണ് മനോരമ റിപ്പോർട്ട്. 'ഈ കേസിലെ എട്ടാം പ്രതിയായ ദിലീപുമായി രഞ്ജിത് മാരാർ പലവട്ടം പലതരത്തിൽ സംഭാഷണങ്ങൾ നടത്തിയതിന്റെ വാട്സാപ്പ് ചാറ്റുകളും ദിലീപിന്റെ അക്കൗണ്ടിൽനിന്ന് രഞ്ജിത് മാരാർക്ക് പണം അയച്ചതിന്റെ ചില രേഖകളും ഇക്കൂട്ടത്തിലുണ്ട്'-മനോരമ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ഏത് സാഹചര്യത്തിലുള്ളതാണെന്ന് വ്യക്തമല്ല.
അതേസമയം, നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ രാത്രി സമയത്ത് പരിശോധിച്ചത് കോടതിയുടെ ഏതെങ്കിലും തരത്തിലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ഹർജി പരിഗണിച്ചുകൊണ്ട് ചോദിച്ചിരുന്നു. തെളിവായി കോടതിയിലെത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടത് മൗലികാവകാശങ്ങളുടെ ലംഘനമാണ്, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ അഭിഭാഷകന്റെ ആവശ്യം. വാദം പൂർത്തിയാക്കിയ കേസ് ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications