ദിലീപ് പ്രതിയായ കേസില്‍ ഇന്ന് നിര്‍ണായക നടപടി; ഉറ്റുനോക്കി സിനിമാ ലോകം, അത്യപൂര്‍വ നീക്കങ്ങള്‍
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായകം. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. വിധി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് വ്യക്തമാക്കിയേക്കും. 27 തവണ മാറ്റിവച്ച കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ സിനിമാ ലോകവും ഉറ്റുനോക്കുകയാണ്.
നടന്‍ ദിലീപിന്റെ ഭാവി നിര്‍ണയിക്കുന്ന വിധി കൂടിയാണ് വരാനിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന് ആസ്പദമായ സംഭവം നടന്ന വേളയില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിലേക്ക് അന്വേഷണം എത്തിയത്. മൂന്ന് മാസത്തോളം ദിലീപ് ജയിലില്‍ കിടന്നിരുന്നു. വിചാരണ തുടങ്ങിയ വേളയിലും പല തവണ ഉപഹര്‍ജികള്‍ എത്തിയതും കേസിനെ വ്യത്യസ്താക്കി.

നടിയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസ് എന്നതാണ് ഈ സംഭവത്തെ അപൂര്‍വമാക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ആരോപണം. 2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ നീക്കങ്ങളാണ് അന്വേഷണം ദിലീപിലേക്ക് എത്തിച്ചത്. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്‌തെങ്കിലും അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്ന് വരെ ആലുവ സബ് ജയിലിലായിരുന്നു ദിലീപ്. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. പിന്നീട് ജാമ്യ വ്യവസ്ഥകള്‍ പലപ്പോഴായി ഇളവ് ചെയ്തു.
ദിലീപിനെ കുടുക്കിയ നീക്കങ്ങള്‍
കേസില്‍ ജാമ്യം ലഭിക്കാതെ ഏഴ് വര്‍ഷം ജയിലില്‍ കിടന്ന പള്‍സര്‍ സുനി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ പലപ്പോഴും മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ദിലീപിനെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു. കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതോടെ വീണ്ടും വിശദമായ അന്വേഷണം വേണ്ടി വന്നു. പ്രതികള്‍ ഉപ ഹര്‍ജികളുമായി നിരന്തരം കോടതിയെ സമീപിച്ചതും വിചാരണ വൈകാന്‍ കാരണമായി. നടിയുടെ അഭ്യര്‍ഥന പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു വിചാരണ നടപടികള്‍. കേസ് വൈകിപ്പിക്കാന്‍ മനപ്പൂര്‍വമുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജഡ്ജിക്കെതിരെ പോലും ഒരു ഘട്ടത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കേസിലെ നിര്‍ണായകമായ മെമ്മറി കാര്‍ഡ് അധികൃതരുടെ കസ്റ്റഡിയില്‍ ഇരിക്കെ തുറന്നു എന്ന ആരോപണവുമുണ്ടായി. ആക്രമിക്കപ്പെട്ട നടി രാഷ്ട്രപതിക്ക് കത്തയച്ച സംഭവവമുണ്ടായി. ഇതെല്ലാം ഈ കേസിനെ വ്യത്യസ്തമാക്കി. എട്ട് വര്‍ഷം തികയാന്‍ പോകുന്ന വേളയിലാണ് വിചാരണ പൂര്‍ത്തിയാകുന്നത്. വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി പലതവണ സമയപരിധി നിശ്ചയിച്ചിട്ടും നടപടികള്‍ കഴിഞ്ഞിരുന്നില്ല. നടന്‍ ദിലീപ്, ആക്രമിക്കപ്പെട്ട നടി, കേരള പോലീസ് എന്നിവര്‍ക്കെല്ലാം വിധി നിര്‍ണായകമാണ്.












Click it and Unblock the Notifications