• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പതിനായിരം രൂപ കൈക്കൂലി കൊടുത്തില്ല, ഉദ്യോഗസ്ഥൻ തകർത്തത് ഈ മനുഷ്യന്റെ ജീവിതം, 35 വർഷം നീണ്ട പോരാട്ടം!

കണ്ണൂർ: ആന്തൂരിലെ സാജനെ കേരളം മറന്ന് കാണില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനം നൊന്ത് ജീവനൊടുക്കിയ പ്രവാസി വ്യവസായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് എത്തുന്ന ഓരോ ഫയലിലും മനുഷ്യരുടെ ജീവിതങ്ങളാണ്. സ്വപ്‌നങ്ങളാണ്. ചിലരുടെ അനാസ്ഥ കാരണം ആ സ്വപ്നങ്ങൾ തകരുമ്പോൾ, സാജനെ പോലെ ജീവിതം ഒടുക്കിയ, വാര്‍ത്തകളില്‍ വരാത്ത എത്ര പേരുണ്ടാകാം ?

സാജന്റെ കണ്ണൂരില്‍, താഴെ ചൊവ്വയില്‍ വെളുത്ത ഷര്‍ട്ട് ധരിച്ച്, മുഖത്ത് എപ്പോഴും ചിരി നിറച്ച തല നരച്ച ഒരു മനുഷ്യനുണ്ട്. ഇ സദാനന്ദന്‍ എന്ന, പ്രായം തളര്‍ത്താത്ത, ജീവിതം മടുത്തുവെന്ന് തോന്നുന്നവര്‍ക്കൊക്കെ അത്ഭുതമായ ഒരു മനുഷ്യന്‍. ഉദ്യോഗസ്ഥ പ്രഭുക്കളുടെ അഹന്തയില്‍ സദാനന്ദന് കൈവിട്ട് പോയത് സ്വന്തം ജീവിതം തന്നെയാണ്. സാജനെ പോലെ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാമായിരുന്നു സദാനന്ദന്. എന്നാല്‍ അവസാന ശ്വാസം വരെ പൊരുതാനാണ് ഈ മനുഷ്യന്‍ തീരുമാനിച്ചത്.

ഇത് സദാനന്ദന്റെ കഥ

ഇത് സദാനന്ദന്റെ കഥ

വൈകുന്ന നീതിയെന്നാല്‍ അത് നീതി നിഷേധം തന്നെയാണ്. ഒരായുഷ്‌ക്കാലം മുഴുവന്‍ നീതിക്ക് വേണ്ടി നിരപരാധിയായ ഒരു മനുഷ്യന് അലയേണ്ടി വരുന്നുവെങ്കില്‍ അതിന് ന്യായീകരണങ്ങളൊന്നുമില്ല. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമന്ന് ആഗ്രഹിച്ചു. അതാണീ മനുഷ്യന്‍ ചെയ്ത ഏക തെറ്റ്. ആ തെറ്റിന് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ പ്രഭുക്കളിട്ട വില അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. സദാനന്ദന്റെ കഥ അറിയണമെങ്കിൽ കുറേയേറെ വർഷങ്ങൾ പിറകോട്ട് പോകണം.

നീതി തേടിയുളള നീണ്ട യാത്ര

നീതി തേടിയുളള നീണ്ട യാത്ര

35 വര്‍ഷമായി നീതി നേടിയുളള യാത്രയിലാണ് സദാനന്ദൻ. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമക്കാരനായ സദാനന്ദന്‍ എന്ന 25കാരന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന ചെറുപ്രായത്തിലാണ് സ്വന്തമായി ബിസ്സിനസ്സ് എന്ന് വെല്ലുവിളി ഏറ്റെടുക്കുന്നത്. 1978ല്‍ തോട്ടടയില്‍ വിസുശ്രീ എന്ന പേരിൽ സദാനന്ദൻ സ്ഥാപനം തുടങ്ങി. ടീ ചെസ്റ്റ് മെറ്റല്‍ ഫിറ്റിങ്‌സ് ആയിരുന്നു ഈ കമ്പനിയിൽ ഉണ്ടാക്കിയിരുന്നത്. തേയിലപ്പെട്ടികള്‍ക്ക് ബലം കിട്ടാന്‍ അടിക്കുന്ന തകരപ്പാളിയാണിത്.

ബിസ്സിനസ്സിലേക്ക് പിച്ച വെച്ച കാലം

ബിസ്സിനസ്സിലേക്ക് പിച്ച വെച്ച കാലം

ബിസിനസ്സ് തുടങ്ങാന്‍ 12 സെന്റ് സ്ഥലവും കെട്ടിടവും ഈട് വെച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് സദാനന്ദൻ വായ്പയെടുത്തിരുന്നു. 42 സെന്റ് സ്ഥലം ഈട് നല്‍കി എസ്ബിഐയില്‍ നിന്നും വായ്പയെടുത്തു. സ്വന്തമായി സ്വരുക്കൂട്ടിയ പണവും ബിസ്സിനസ്സിലേക്ക് നിക്ഷേപിച്ചു. ലാഭത്തോടെ തന്നെ വിസുശ്രീ വിജയകരമായി പ്രവര്‍ത്തിച്ച് തുടങ്ങി. ഈ രംഗത്ത് വിസുശ്രീക്ക് അക്കാലത്ത് വെല്ലുവിളികളേ ഉണ്ടായിരുന്നില്ല. എന്നാല്‍ വെറും 3 വർഷങ്ങൾ മാത്രമായിരുന്നു സദാനന്ദനും വിസുശ്രീക്കും നല്ല സമയം.

തിരിച്ചടികളുടെ തുടക്കം

തിരിച്ചടികളുടെ തുടക്കം

1982ന് ശേഷം സദാനന്ദന്റെ ജീവിതവും കമ്പനിയുടെ ഭാവിയും തലകീഴായി മറിഞ്ഞു. ഐഎസ്‌ഐ മുദ്രയുളള ഉല്‍പ്പന്നമുണ്ടാക്കാനുളള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് വായ്പ നൽകിയ ബാങ്കായ എസ്ബിഐയുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ്‌സ് ആവശ്യമുണ്ടായിരുന്നു. സദാനന്ദന് ഈ ലെറ്റർ കിട്ടിയത് ഇറക്കുമതി ലൈസന്‍ലിന്റെ കാലാവധി അവസാനിക്കുന്ന ദിവസം മാത്രമായിരുന്നു. ഇതോടെ 50 ടണ്ണിന്റെ സ്ഥാനത്ത് 30 മാത്രമായി ഇറക്കുമതി കുറഞ്ഞു എന്ന് മാത്രമല്ല 5 മാസം വൈകിയാണ് ഇറക്കുമതി നടന്നത്. സദാനന്ദന്റെ ജീവിതത്തിലെ തിരിച്ചടികള്‍ ഓരോന്നായി അവിടെ തുടങ്ങുകയായിരുന്നു.

പതിനായിരം കൈക്കൂലി വേണം

പതിനായിരം കൈക്കൂലി വേണം

ഐഎസ്‌ഐ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കല്യാണ സുന്ദരം കമ്പനിയില്‍ പരിശോധനയ്‌ക്കെത്തിയ ദിവസമാകാം ഒരുപക്ഷെ സദാനന്ദന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം കെട്ട ദിനം. അന്ന് സദാനന്ദന്‍ വിസുശ്രീയില്‍ ഉണ്ടായിരുന്നില്ല. തന്നെ ജീവനക്കാര്‍ വേണ്ട വിധം സ്വീകരിക്കാത്തതില്‍ കല്യാണ സുന്ദരം ചൊടിച്ചു. സദാനന്ദന്‍ ഓഫീസറുടെ മുന്നില്‍ അപേക്ഷയുമായി ചെന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികാരം തീര്‍ക്കാന്‍ തന്നെയായിരുന്നു ആ ഉദ്യോഗസ്ഥന്റെ തീരുമാനം. പതിനായിരം രൂപ ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെങ്കിലും അത് കൊടുക്കാന്‍ സദാനന്ദന്റെ കയ്യിലുണ്ടായിരുന്നില്ല.

സൽപ്പേരടക്കം നഷ്ടപ്പെട്ടു

സൽപ്പേരടക്കം നഷ്ടപ്പെട്ടു

പിന്നാലെ ഐഎസ്‌ഐ നിര്‍ദേശിക്കുന്ന നിലവാരം കമ്പനിയുടെ ഉല്‍പ്പന്നത്തിനില്ല എന്ന റിപ്പോര്‍ട്ട് വന്നു. പുറകേ വിശുസ്രീയുടെ ലൈസന്‍സും റദ്ദ് ചെയ്യപ്പെട്ടു. കമ്പനി അടച്ച് പൂട്ടി. അന്ന് മുതല്‍ കടലാസുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് സദാനന്ദൻ. അതിനിടെ മദ്രാസ് റീജിണല്‍ ലാബില്‍ നിന്നും വിസുശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാൻ നൽകിയതിന്റെ റിപ്പോർട്ട് വന്നു. ഉൽപ്പന്നങ്ങൾ ഗുണനിലവാരമുളളതാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഇത് സദാനന്ദന്റെ കയ്യിലേക്ക് എത്തുന്നത് നാല് മാസങ്ങള്‍ക്കപ്പുറമാണ്. കമ്പനിയുടെ സല്‍പ്പേരടക്കം നഷ്ടപ്പെട്ട ശേഷം.

സ്വത്ത് വിറ്റ് തുലച്ചു

സ്വത്ത് വിറ്റ് തുലച്ചു

എങ്കിലും തളരാതെ സദാനന്ദന്‍ വീണ്ടും കമ്പനി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഇടപാടുകാരെയടക്കം അപ്പോഴേക്ക് വിസുശ്രീക്ക് നഷ്ടപ്പെട്ടിരുന്നു. ഓര്‍ഡറുകളെല്ലാം കൈവിട്ട് പോയി. കോടികളുടെ കടക്കെണിയിലായി ഈ മനുഷ്യന്‍. ബാങ്ക് വായ്പയുടെ അടവുകള്‍ തെറ്റുകയും കൂടി ചെയ്തതോടെ പ്രശ്‌നങ്ങള്‍ സദാനന്ദന്റെ കൈവിട്ട് തുടങ്ങി. 1999ല്‍ സദാനന്ദന്റെ സ്വപ്‌നമായ കമ്പനി കെഎഫ്‌സി വിറ്റു. അതും തുച്ഛമായ വിലയ്ക്ക്. വായ്പ വെച്ച സ്ഥലം കുറഞ്ഞ വിലയ്ക്ക് എസ്ബിഐയും വില്‍പന നടത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കളാണ് ഒരു നടപടിക്രമവും പാലിക്കാതെ വിറ്റ് തുലച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സദാനന്ദന്‍ അറിയുന്നത് ഏറെ വൈകിയാണ്.

തോൽക്കില്ലെന്നുറച്ച് മുന്നോട്ട്

തോൽക്കില്ലെന്നുറച്ച് മുന്നോട്ട്

എങ്കിലും തോല്‍ക്കാന്‍ ഈ മനുഷ്യന്‍ തയ്യാറായില്ല. എസ്ബിഐയില്‍ നിന്നും തന്റെ സ്ഥലം തിരിച്ച് കിട്ടാനും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാനുമായി ഒരു ആയുഷ്‌ക്കാലം നീണ്ട പോരാട്ടത്തിലാണ് ഈ മനുഷ്യന്‍. ആ ഓട്ടപ്പാച്ചിലിനിടയില്‍ ഒരു തവണ തിരുവനന്തപുരത്ത് വെച്ച് ഒരു ബൈക്ക് സദാനന്ദനെ ഇടിച്ച് തെറിപ്പിച്ചു. പല വീഴ്ച്ചകള്‍ക്കൊപ്പം ഒന്ന് കൂടി. ദിവസങ്ങളോളം നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം സദാനന്ദന്‍ വീണ്ടും ജീവിതത്തിലേക്ക് നടന്ന് തുടങ്ങി. എന്നാല്‍ അതോടെ ക്രച്ചസിന്റെ സഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലായി സദാനന്ദന്‍.

നീതി കിട്ടിയേ തീരൂ

നീതി കിട്ടിയേ തീരൂ

ആന്തൂരിലെ സാജന്‍ അനുഭവച്ചതിന്റെ എത്രയോ ഇരട്ടി ദുരതം 40 വര്‍ഷം കൊണ്ട് സദാനന്ദന്‍ അനുഭവിച്ച് കഴിഞ്ഞു. എന്നാല്‍ മുട്ട് മടക്കാന്‍ സദാനന്ദന് മനസ്സില്ല. ഭാര്യയും വിവാഹ പ്രായമെത്തിയ മകളുമൊത്ത് പീടിക മുറിയിലായിരുന്നു ഒരുകാലത്ത് സദാനന്ദന്റെ താമസം. വൈദ്യുതി ഇല്ലാത്തതിനാല്‍ ജീവിതം പോലെ തന്നെ വീട്ടിലും ഇരുട്ടായിരുന്നു അന്ന്. പിന്നീട് വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ ചൊവ്വയിലെ വീട്ടില്‍ കഴിയുന്നു. പ്രശ്നം പരിഹരിക്കാമെന്ന് വ്യവസായ വകുപ്പ് കണ്ണൂരില്‍ വെച്ച് നടത്തിയ അദാലത്തിൽ വ്യവസായ മന്ത്രി ഇ ജയരാജന്റെ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിലാണ് സദാനന്ദന്റെ പ്രതീക്ഷകൾ മുഴുവനും. ആരെക്കൊണ്ടും കണക്ക് പറയിപ്പിക്കേണ്ട സദാനന്ദന്. ആരോടും പ്രതികാരവും ചെയ്യേണ്ട. പക്ഷെ ഈ ജീവിതം അവസാനിക്കും മുൻപ് അർഹതപ്പെട്ട നീതി, അത് സദാനന്ദന് കിട്ടിയേ തീരൂ.

English summary
E Sadanandan from Kannur fights for justice for 35 long years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X