ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; താന്‍ എന്തു സഹായമാണ് നല്‍കിയത് എന്ന് പിണറായി വിജയന്‍
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായ ബന്ധപ്പെട്ട ഇഡി നീക്കത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്ന് കോടതികള്‍ പരിശോധിച്ച ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. വീണയുടെ കൈയ്യില്‍ നിന്ന് ഡയറി കണ്ടെത്തിയെന്ന വാദം പച്ചക്കള്ളമാണെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവരികയും ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുകയാണെന്നും പോലീസ് മേധാവിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇഡി ചോര്‍ത്തിനല്‍കിയെന്നും പിണറായി ആരോപിച്ചു. സാധാരണ ഇത്തരം കത്തുകള്‍ വളരെ വൈകിയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കാറ്. എന്നാല്‍ ഈ കത്ത് നേരത്ത വാര്‍ത്തയായി. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ല. സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണ്. തനിക്കെതിരായ ഇഡിയുടെ നീക്കം സിപിഎമ്മിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയാണെന്നും പിണറായി പറഞ്ഞു.
സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി നാളെ തുടങ്ങാനിരിക്കെയാണ് പിണറായി വിവാദത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിച്ച് അതുവഴി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം. ഇഡി കണ്ടെത്തല്‍ വീണ സമ്മതിച്ചെന്ന് പറയുന്നത് ശുദ്ധ നുണയാണ്. പേടിപ്പിക്കാന്‍ വേറെ ആളെ നോക്കണം. സിപിഎമ്മിനെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
സേവനം നല്‍കാതെ എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയെന്നായിരുന്നു ഇഡി ആദ്യം ആരോപിച്ചത്. സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ മറ്റു ചില കാര്യങ്ങളാണ് പറയുന്നത്. സിഎംആര്‍എല്ലിന് എന്ത് വഴിവിട്ട സഹായമാണ് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയത് എന്നും പിണറായി ചോദിച്ചു.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തില്‍ പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്. ആ കേസിന്റെ എല്ലാം തനിക്ക് അറിയില്ല. എല്ലാ കാര്യങ്ങളിലും സിപിഐക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ഇടതു മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകും. ഇഡിയെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ കണ്ണില്‍ ഇഡി ഇടപെടാറുണ്ട്. ആ നീക്കമുണ്ടായാല്‍ എല്‍ഡിഎഫ് എതിര്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഈ അനുഭവം വന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. അത്തരം പാര്‍ട്ടികളെല്ലാം ഇഡിയുടെ നീക്കത്തില്‍ പൊതുവായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാട് ആരെങ്കിലും സ്വീകരിക്കുന്നു എങ്കില്‍ അത് എന്നോട് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. അവരോട് തന്നെ ചോദിക്കണമെന്ന് സിപിഐ നിലപാട് സംബന്ധിച്ച ചോദ്യത്തിന് പിണറായി പ്രതികരിച്ചു.




Click it and Unblock the Notifications
